മാനവ വൈദ്യന്മാരെന്നപോലെ തന്നെ ദേവ വൈദ്യന്മാര്‍ക്കും കരപ്പുറം പ്രശസ്തമാണ്. ഇവിടുത്തെ അമ്പലങ്ങള്‍ ആതുരാലയങ്ങളും മൂര്‍ത്തികള്‍ വൈദ്യന്മാരുമാണ്. കേരളത്തിലെ ഏറ്റവും വലിയ പ്രത്യേകത കൂടിയാണിത്. പ്രാചീനമായ എല്ലാ ക്ഷേത്രങ്ങളിലും ഏതെങ്കിലും തരത്തിലുള്ള രോഗമോചന വഴിപാടുകളുണ്ടായിരിക്കും. ഈ ദേവന്മാരെ ഭജിച്ചാല്‍ മാറാത്ത രോഗങ്ങളുമുണ്ടാകില്ല. എന്താണിതിന്‍റെ രഹസ്യം? അത് മറ്റൊന്നുമല്ല, നമ്മുടെ നാട്ടില്‍ നിലനിന്ന മഹത്തായ മറ്റൊരു സംസ്കാരത്തിന്‍റെ, മതചിന്തയുടെ ഭാഗമായി തളിരിട്ട ആചാര പദ്ധതികളാണിത്. ഈ മതങ്ങളെ ജൈനമെന്നും ബൗദ്ധമെന്നും വിളിക്കാം. ഈ മതങ്ങളുടെ തിരോധാനത്തോടെ മിക്കവാറും അമ്പലങ്ങളില്‍ നിന്നും രോഗമോചന സങ്കല്പങ്ങള്‍ ഇല്ലാതായി. പുതിയ മതകേന്ദ്രീകരണത്തിന്‍റേയും ആശയസംഹിതകളുടേയും ഭാഗമായാണ് ഈ അപനിര്‍മാണം നടന്നത്.
പ്രസിദ്ധ വൈദ്യനും കരപ്പുറത്തിന്‍റെ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയുമായ വി. ഭാര്‍ഗവന്‍ വൈദ്യന്‍ ഒരിക്കല്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞത് ഇവിടെ ഉദ്ധരിക്കുന്നത് തികച്ചും അര്‍ഥവത്താണെന്നു കരുതുന്നു. അദ്ദേഹം പറഞ്ഞു:
"വൈദ്യവിഷയകമായി ചേര്‍ത്തല മണ്ണിനു പല പ്രത്യേകതകളുമുണ്ട്. ബുദ്ധമതക്കാര്‍ ആയുര്‍വേദ പ്രചാരണത്തില്‍ വലിയ പങ്കുവഹിച്ചവരാണ്. കേരളത്തിലുണ്ടായിരുന്നദ്ധവിഹാരങ്ങളില്‍ ചേര്‍ത്തലയിലുണ്ടായിരുന്നത് വളരെ പ്രാബല്യത്തിലിരുന്നിരുന്നു.തിരുവിഴാ ക്ഷേത്രം സന്യാസിമഠവും കാര്‍ത്യായനീ ക്ഷേത്രം കന്യകാമഠവും ആയിരുന്നു. ബുദ്ധമതക്കാര്‍ ഈശ്വരസേവയായി കരുതുന്ന കാര്യങ്ങളില്‍ ശ്രേഷ്ഠമായിട്ടുള്ളത് ആതുരസേവയാണ്. തിരുവിഴ, ഏറ്റുമാനൂര്‍ മുതലായ ക്ഷേത്രങ്ങളില്‍ ഇന്നും കൈവിഷം മുതലായവയ്ക്ക് മരുന്നുകള്‍ കൊടുത്തു വരുന്നു. സിന്ധുദേശക്കാരനായ ശ്രീ വാഗ്ഭടാചാര്യന്‍ ബുദ്ധമത പ്രചരണാര്‍ഥം കേരളത്തില്‍ വന്നു താമസിച്ചിട്ടുണ്ട്. കേരളത്തിനു വൈദ്യസംബന്ധമായ അഷ്ടാംഗഹൃദയം രചിച്ചിട്ടുള്ളത് ഇവിടെ വച്ചായിരിക്കാനും ന്യായങ്ങള്‍ കാണുന്നുണ്ട്. ഇവിടുത്തെ അഷ്ടവൈദ്യന്മാര്‍ വാഗ്ഭട പരമ്പരയില്‍ പെട്ടവരാണ്. ബുദ്ധ പാരമ്പര്യം ഉള്ള അവര്‍ക്ക് ഇന്നും നമ്പൂതിരിമാരുടെ ഇടയില്‍ അല്പം പതിത്വം കല്പിച്ചിട്ടുണ്ട്.
ശ്രീ വാഗ്ഭടന്‍റെ ചിന്താശക്തി ഇവിടുത്തെ മണ്ണില്‍ ലയിച്ചു കിടപ്പുണ്ട്. മണ്ണിന്‍റെ ഗുണം പ്രത്യേകം ഓര്‍മിക്കണം"(മനക്കോടം കേശവന്‍ വൈദ്യര്‍ സ്മാരക ഗ്രന്ഥം).
ഭാര്‍ഗവന്‍ വൈദ്യന്‍ പറഞ്ഞതു പ്രകാരം, ചേര്‍ത്തല മണ്ണിനു പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ഗുണം അപാരമായ വൈദ്യസംസ്കൃതിയാണെന്നത് ആലോചനാമൃതമാണ്. ആ ശക്തിയുടെ നിദര്‍ശനമാണ് ചേര്‍ത്തല ജന്മം നല്‍കിയ മഹാവൈദ്യന്മാരുടെ നീണ്ട പരമ്പര. ആ ഗുരുക്കന്മാരുടെ ശിഷ്യപരമ്പരയിലൂടെ പിന്നേയും അനുസ്യൂതം മുന്നോട്ടു പോയ ഒരു നീണ്ട വൈദ്യവളര്‍ച്ചയുടെ ചരിത്രം ഈ നാടിനുണ്ട്. ചരിത്രമെന്നത്, കീഴടക്കലുകളുടേതുമാണെന്നത് ലളിതമായ സത്യമാണ്. യുഗങ്ങളുടെ സംക്രമണത്തിലൂടെ യാഥാര്‍ഥ്യങ്ങള്‍ക്ക് വേഷപ്പകര്‍ച്ചകളുണ്ടാവുകയും അവയുടെ രൂപവും ഭാവവും മാറിപ്പോവുകയെന്നതും സ്വാഭാവികമായ പരിണാമമാണ്. അതില്‍ ദുഃഖിക്കുകയോ, സന്തോഷിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ന് പൂത്തുവിടര്‍ന്നു നില്‍ക്കുന്ന പൂമരം നാളെ ഇലകള്‍ കൊഴിഞ്ഞ് ഉണങ്ങിപ്പോകുന്നതുപോലെയാണത്.