ആയുര്‍വേദവും ഹോമിയോപ്പതിയും

Image

മുഹമ്മ പഞ്ചായത്തിലെ കായിപ്പുറം വടക്ക് ചേലാട്ട് വീട്ടില്‍ കുഞ്ഞുശങ്കരന്‍റെയും വയലാര്‍ കുറവരു കടവില്‍ കൊച്ചു പെണ്ണിന്‍റെയും മകനായി കൊല്ലവര്‍ഷം 1895ല്‍ കേശവന്‍ വൈദ്യന്‍ ജനിച്ചു. ആയുര്‍വേദം, ഹോമിയോപ്പതി എന്നീ വൈദ്യശാസ്ത്രങ്ങളില്‍ നിപുണനായിരുന്നു. ബാല്യത്തില്‍ മാതാപിതാക്കള്‍ മരിച്ചു പോയ കേശവന്‍ വൈദ്യനെ വളര്‍ത്തി
യത് സഹോദരി മാധവിയായിരുന്നു. ശ്രീകണ്ഠമംഗലത്ത് എടത്തില്‍ വേലു ആശാനായിരുന്നു ആദ്യ ഗുരുനാഥന്‍. സംസ്കൃതം, കാവ്യം, നാടകം അലങ്കാരം തുടങ്ങിയവയും അഷ്ടാംഗഹൃദയവും വേലു ആശാനില്‍ നിന്നു സ്വായത്തമാക്കി. തുടര്‍ന്ന് വെച്ചൂര്‍ സ്വദേശിയായ കൊച്ചുരാമന്‍ വൈദ്യനില്‍ നിന്നു ആയുര്‍വേദ ചികിത്സാവിധികള്‍ പഠിച്ചു. ഇരുപതു വയസ്സു മുതല്‍ ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സ ആരംഭിച്ചു. അല്പകാലത്തിനുള്ളില്‍ തന്നെ കൈപ്പുണ്യമുള്ള വൈദ്യന്‍ എന്ന പേരു സമ്പാദിച്ചു.

 ആയുര്‍വേദ ചികിത്സ നടത്തുമ്പോള്‍ തന്നെ കേശവന്‍ വൈദ്യന്‍ ഹോമിയോപ്പതിയും പഠിക്കാനാരംഭിച്ചു. ഇതിലെ പാഠങ്ങള്‍ ഇംഗ്ലീഷിലായിരുന്നതുകൊണ്ട് ഇംഗ്ലീഷും അഭ്യസിച്ചു. രണ്ടു വര്‍ഷത്തെ പ്രയത്ന ഫലമായി ഇംഗ്ലീഷില്‍ സാമാന്യം പരിജ്ഞാനം സമ്പാദിച്ചു. അങ്ങനെ ഹോമിയോപ്പതി ചികിത്സയില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചു. പിന്നീട് ആയുര്‍വേ ദത്തോടൊപ്പം ഹോമിയോ ചികിത്സയും തുടങ്ങി. ചികിത്സയില്‍ പ്രതിഫലം ചോദിച്ചു വാങ്ങുന്ന രീതി കേശവന്‍ വൈദ്യര്‍ക്കില്ലായിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് അങ്ങോട്ട് ധനസഹായം ചെയ്തിരുന്നു. 


ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് 1940 ഫെബ്രുവരി 26-ന് നാല്പത്തഞ്ചാം വയസ്സില്‍ കേശവന്‍ വൈദ്യര്‍ അന്തരിച്ചു. ആര്യാട് വെട്ടക്കടവില്‍ ലക്ഷ്മിക്കുട്ടി അമ്മയായിരുന്നു ഭാര്യ. ഈ ദമ്പതികള്‍ക്ക് അഞ്ചു മക്കളുണ്ട്