സലിം-സബീനാ ദമ്പതികളുടെ കുടുംബസുഹൃത്തായിരുന്നു റാഫി മാഷ്. പ്രകൃതി കൃഷിക്കാരനായിരുന്ന അദ്ദേഹം സ്വന്തം ജീവിത മാതൃകയിലൂടെ അനേകരെ പ്രകൃതി ജീവനത്തിലേക്കു നയിച്ചിരുന്നു. പഴങ്ങളും പരിപ്പുകളും ചെറുപയര്‍ മുളപ്പിച്ചതും തേനും തേങ്ങയും ഒക്കെയായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യാഹാരം. കുറെ വര്‍ഷങ്ങളായി റാഫി മാഷ് വേവിച്ച ആഹാരങ്ങളേ കഴിച്ചിരുന്നില്ല. ദിവസവും എട്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുകയും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഉപവസിക്കുകയും ചെയ്തിരുന്നു. സലിമും സബീനയും റാഫി മാഷിന്‍റെ ജീവിത മാതൃകയനുസരിച്ച് പ്രകൃതി ജീവനക്കാരാകാന്‍ തീരുമാനിക്കുകയും പാകം ചെയ്യേണ്ട ആഹാരത്തിന്‍റെ അളവു കുറച്ചു കൊണ്ടു വരികയും ചെയ്തിരുന്നു.
അങ്ങനെയിരിക്കെയാണ് റാഫിമാഷ് ഹൃദയസ്തംഭനം മൂലം മരണമടയുന്നത്. ആര്‍ക്കുംതന്നെ ആ സംഭവം വിശദീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ സംസ്കാരവേളയില്‍ ഒരാള്‍ റാഫിമാഷിന്‍റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരയുന്നതു സബീന ശ്രദ്ധിച്ചു.
"എന്‍റെ ആത്മാര്‍ഥത നിനക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ. ഇങ്ങനെ സംഭവിച്ചേക്കാമെന്ന് രണ്ടു വര്‍ഷം മുമ്പേ ഞാന്‍ നിന്നോടു പറഞ്ഞതു നീ ശ്രദ്ധിച്ചില്ല. അതല്ലേ, ഇങ്ങനെ സംഭവിച്ചത്?"
പൊട്ടിക്കരയുന്നതിനിടെ ഉയര്‍ന്ന അയാളുടെ വാക്കുകള്‍ സലിമും ശ്രദ്ധിച്ചു. അയാളെ അവിടെ കൂടിയിരുന്നവരില്‍ ആര്‍ക്കുംതന്നെ പരിചയമില്ലായിരുന്നു. റാഫിമാഷിന്‍റെ പഴയ സഹപാഠികളില്‍ ആരോ ആയിരിക്കും എന്ന് ഊഹിക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളു. കാന്‍സറും പ്രകൃതിജീവനവും പ്രകൃതി ജീവന സമിതി സംഘടിപ്പിച്ച ഒരു കാന്‍സര്‍ സെമിനാറില്‍
വച്ചാണ് അയാളെ പിന്നെ അവര്‍ കാണുന്നത്. സ്വാഗത പ്രസംഗകന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു:
"നിങ്ങള്‍ക്കാര്‍ക്കും തന്നെ പരിചയമില്ലാത്ത ഒരു വിശിഷ്ട വ്യക്തിയാണ് ഈ വേദിയില്‍ ഇരിക്കുന്ന ഡോക്ടര്‍ ബാബു. ആയുര്‍വേദത്തിലും ആലോപ്പതിയിലും ബിരുദമുള്ള ഡോക്ടര്‍ ബാബു ഒരു കാന്‍സര്‍ രോഗിയായിരുന്നു. അദ്ദേഹം ഇപ്പോള്‍ കാന്‍സറില്‍നിന്നു പൂര്‍ണമായും മുക്തനാണ്. റീജീയണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്നാണ് രോഗമുണ്ടെന്നും രോഗത്തില്‍നിന്നു
മുക്തനായെന്നും സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള രണ്ടു സാക്ഷ്യപത്രങ്ങളും ഇദ്ദേഹത്തിന് കിട്ടിയിട്ടുള്ളത്. അവയും അദ്ദേഹം ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. പ്രകൃതി ജീവനത്തിന്‍റെ അത്ഭുത സിദ്ധിക്കു ലഭിച്ചിട്ടുള്ള ഒരു വലിയ സാക്ഷ്യപത്രമാണ് ഡോക്ടര്‍ ബാബു. കാരണം അലോപ്പതി ചികിത്സകര്‍ നല്കിയ വിഷമരുന്നുകളൊന്നും കഴിക്കാതെ, പച്ചവെള്ളവും പച്ചിലകളും മാത്രം കഴിച്ച് ജീവിച്ചതിന്‍റെ ഫലമായാണ്,