ഒരുകാലത്ത് മലയാളക്കരയില്‍ ഭീതി വിതച്ച രോഗമായിരുന്നു വസൂരി. അമ്മ വിളയാട്ടം എന്നായിരുന്നു വസൂരി ബാധയെക്കുറിച്ച് ആളുകളുടെയിടയില്‍ വിശ്വാസമുണ്ടായിരുന്നത്. അകമലരി എന്നും ഈ രോഗത്തിനു പേരുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ വസൂരി ബാധക്കെതിരെയുള്ള വഴി പാടുകളുണ്ടായിരുന്നു. വസൂരി ബാധിച്ചാല്‍ മരിച്ചു എന്നു തന്നെയായിരുന്നു മിക്കവരും കണക്കു കൂട്ടിയിരുന്നത്. ഫലപ്രദമായ ചികിത്സയോ, മരുന്നോ വസൂരിക്കുണ്ടായിരുന്നില്ല. ഒരുകാലത്ത്, മഹാമാരികളുടെ പട്ടികയില്‍ ഒന്നാമതായിരുന്നുവസൂരിയെന്ന രോഗം. മസൂരിക്കും മാറാവ്യാധികള്‍ക്കും ഫലപ്രദമായ ചികിത്സ നടത്തിയ കരപ്പുറത്തെ പ്രഗത്ഭ വൈദ്യനായിരുന്നു മാരാരിക്കുളം കുട്ടന്‍ വൈദ്യന്‍.
കരപ്പുറത്തെ പ്രധാന വൈദ്യകേന്ദ്രമായിരുന്ന കടക്കരപ്പള്ളിയിലെ പ്രഗത്ഭ വൈദ്യനായ വെളുത്താംപറമ്പില്‍ കൊച്ചിയാശാന്‍റെ കീഴിലാണ് കുട്ടന്‍ വൈദ്യന്‍ ദീര്‍ഘനാള്‍ ആയുര്‍വേദം പഠിച്ചത്. പരമ്പരാഗതമായി വൈദ്യകുടുംമായിരുന്നു കുട്ടന്‍ വൈദ്യന്‍റേത്.
1891 ഏപ്രില്‍ മാസത്തില്‍ മാരാരിക്കുളം വടക്കു വില്ലേജില്‍ മാപ്പിളപ്പറമ്പില്‍ നീലകണ്ഠന്‍റേയും കുഞ്ഞിയമ്മയുടേയും ഏഴുമക്കളില്‍ മൂത്ത പുത്രനായി കുട്ടന്‍ വൈദ്യന്‍ ജനിച്ചു.