മലയാളിയായ ഒരു ഡോക്ടര്‍ എന്ന നിലയില്‍ കേരളത്തില്‍ ജോലി ചെയ്യാനുള്ള താല്പര്യപ്പമുണ്ടായിരുന്നോ?
ഡോ. അജിത് ബാബു: തീര്‍ച്ചയായും. നമ്മുടെ നാട്ടില്‍ ജോലി ചെയ്ത് നമ്മുടെ നാടിന്‍റെ ആരോഗ്യ മേഖലയില്‍ ചിലതെല്ലാം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എറണാകുളത്ത് നല്ലൊരു മെഡിക്കല്‍ കോളജ് വരികയാണെങ്കില്‍ അമേരിക്കയില്‍ നിന്നും തിരിച്ചു വരാന്‍ ഞാന്‍ തയ്യാറായിരുന്നു. അങ്ങനെയാണ് 2004ല്‍ അമൃത മെഡിക്കല്‍ സയന്‍സസിന്‍റെ ഭാഗമാകുന്നത്. നാലരവര്‍ഷം അവിടെ ജോലി ചെയ്തു. എന്‍റെ മേല്‍നോട്ടത്തിലാണ് അമൃതയില്‍, സെന്‍റര്‍ ഫോര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ആരംഭിച്ചത്. ടെലി മെഡിസിന്‍, കമ്പ്യൂട്ടറൈസ്ഡ് ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നെല്ലാം ആയിരുന്നു ഇതിന്‍റെ ലക്ഷ്യം. സത്യം പറഞ്ഞാല്‍ ഇത്, ഇന്ത്യയില്‍ തന്നെ ആദ്യമായിരുന്നു. പക്ഷേ, പലപ്പോഴും സങ്കല്പവും യാഥാര്‍ഥ്യവും ഒരിക്കലും നമ്മുടെ നാട്ടില്‍ യോജിച്ചു പോകാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ഞാന്‍ 2008ല്‍ വീണ്ടും യുഎസ്സിലേക്ക് മടങ്ങുന്നത്. ഭാരതീയവും വൈദേശികവുമായ ആരോഗ്യ സംവിധാനങ്ങളെ ഒരു കുടക്കീഴില്‍ സംയോജിപ്പിക്കണമെന്ന ആശയത്തിനുടമയാണ് അമേരിക്കയില്‍ മെഡിസിന്‍ പ്രൊഫസറായ ഡോ. അജിത് ബാബു. മനസ്സാണ് സ്വസ്ഥജീവിതത്തിന്‍റെ അടിസ്ഥാനമെന്ന ആശയത്തില്‍ വിശ്വസിക്കുന്ന ഡോ. അജിത് ബാബു സംസാരിക്കുന്നു.
പാശ്ചാത്യവും പൗരസ്ത്യവുമായ ചികിത്സാ സമ്പ്രദായങ്ങളുടെ എടുത്തു പറയേണ്ട വ്യത്യാസമെന്താണ്?
പാശ്ചാത്യ രാജ്യത്തെ ഏറ്റവും വലിയ പ്രത്യേകത, അവിടെ കാര്യങ്ങളെല്ലാം സിസ്റ്റം ഓറിയന്‍റഡ് ആണ് എന്നതാണ്. നമ്മുടെ നാട്ടില്‍ വ്യക്തിക്കാണ് പ്രാധാന്യം. ഒരു രോഗി ആശുപത്രിയില്‍ ചെല്ലുന്നത് പ്രത്യേകം ഒരു ഡോക്ടറെ കാണാനാണ്. താന്‍ കാണാന്‍ ചെന്ന ഡോക്ടര്‍ ലീവാണെങ്കില്‍ മറ്റാരേയും കാണാന്‍ നില്‍ക്കാതെ രോഗി തിരികെ വീട്ടില്‍ പോകും. വിദേശരാജ്യങ്ങളിലാകട്ടെ, അവിടെയുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ഒരുപോലെ രോഗം കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെന്നുള്ള വിശ്വാസമുണ്ട്. പക്ഷേ ഇവിടെ അങ്ങനെ അല്ല. ഉദാഹരണത്തിനു ഒരാള്‍ ലീവില്‍ പോയാല്‍ അയാള്‍ കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ നിശ്ചലമാകും. പക്ഷെ അവിടെ അങ്ങനെയല്ല. പകരം മറ്റൊരാള്‍ ചെയ്യും. അവിടെ കാര്യങ്ങള്‍ക്ക് കാല താമസമില്ല. സിസ്റ്റം ഓറിയന്‍റഡ് സംവിധാനത്തിന്‍റെ ഗുണമാണിത്.
രോഗിയെ സംബന്ധിച്ച് സിസ്റ്റം ഓറിയന്‍റഡ് ചികിത്സയാണോ, വ്യക്തി കേന്ദ്രീകൃതമാണോ ഗുണകരമാകുന്നത്?
ഇതിന് രണ്ട് വശങ്ങളുണ്ട്. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം പ്രധാനമാണ്. ഡോക്ടറുടെ കൂടെ ഇരിക്കുമ്പോള്‍ രോഗി തന്‍റെ പ്രയാസങ്ങള്‍ ഡോക്ടറെ പറഞ്ഞുമനസ്സിലാക്കുന്നു. ഡോക്ടറുടെ ചികിത്സയില്‍ രോഗം ഭേദമാകുമെന്ന പ്രതീക്ഷ അയാള്‍ക്കുണ്ടാകും. ഇത് അയാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒരു കണക്കിന് രോഗിയും ഡോക്ടറും സിസ്റ്റത്തിന്‍റെ ഭാഗമാണെന്നു കരുതുന്ന ഒരു ഡോക്ടര്‍, സഹതാപപൂര്‍വം പെരുമാറിയില്ലെങ്കില്‍ രോഗിയുടെ ആത്മവിശ്വാസം ഇല്ലാതാകും. ഇന്നത്തെ മോഡേണ്‍ മെഡിസിന്‍ വളരെ കോംപ്ലിക്കേറ്റഡ് ആണ്. ഇപ്പോള്‍ സ്കാനിങ്, ടെസ്റ്റിംഗ് എന്നിവയുണ്ട്. പലവിധ സ്പെഷ്യലിസ്റ്റുകള്‍ ഒരുമിച്ച് ചേര്‍ന്നാണ് ചിലപ്പോള്‍ ഒരു രോഗിയെ ചികില്‍സിക്കുക. സിസ്റ്റത്തിന്‍റെ പ്രസക്തി അപ്പോളാണുണ്ടാകുന്നത്. സിസ്റ്റം കാര്യക്ഷമമാണെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കും. അല്ലെങ്കില്‍ അവിടെ ഈഗോ പ്രവര്‍ത്തിക്കും. ഇത്രയും ആളുകള്‍ ഒരു കാര്യം ഒരുമിച്ചു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, അവിടെ ആശയവിനിമയം കൃത്യമായിരിക്കണം. അത് മോശമായാല്‍ എന്താണ് സ്ഥിതിയെന്ന് അറിയാമല്ലോ. ഒരാള്‍ സ്കാന്‍ ചെയ്തത് മറ്റെയാള്‍ അറിഞ്ഞില്ല എന്ന് വിചാരിക്കുക. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒരു സാധാരണക്കാരന് മനസ്സിലാകണമെന്നില്ല. മാത്രമല്ല, മെഡിക്കല്‍ ടേമുകള്‍ ഉപയോഗിക്കുമ്പോള്‍ രോഗിക്ക് തന്‍റെ രോഗത്തെക്കുറിച്ച് അവ്യക്തമായ വിവരങ്ങളാണ് ലഭിക്കുന്നത്. രോഗികളോടും അവരുടെ കുടുംബത്തോടും ചികിത്സ, മറ്റു സമാന്തര മാര്‍ഗങ്ങള്‍, ചികിത്സാ ചിലവ്, പാര്‍ശ്വഫലങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കണം. പക്ഷേ പലപ്പോഴും ഇവിടെ അങ്ങനെ ചെയ്യാറില്ല. രോഗിയോടോ, ബന്ധുക്കളോടോ രോഗത്തെക്കുറിച്ച് തുറന്ന് സംസാരിക്കാത്ത ഒരു സിസ്റ്റമാണ് നമ്മുടെ നാട്ടിലുള്ളത്.
രോഗിയോടുള്ള കാര്യക്ഷമമായ സമീപനവും ഇടപെടലും വിദേശരാജ്യങ്ങളില്‍ എത്രമാത്രം മാതൃകാപരമാണ്?
വിദേശരാജ്യങ്ങളില്‍ ഒരു മെഡിക്കല്‍ സിസ്റ്റമാണ് പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞല്ലോ. ചികിത്സ സ്വീകരിക്കുക എന്നത് രോഗിയുടെ അവകാശമാണ്. വരുംവരായ്കകള്‍ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് ഡോക്ടറുടെ കടമ. അതിനുമപ്പുറം, ബാക്കിയെല്ലാം രോഗിയുടെ തീരുമാനമാണ്. ചികിത്സയില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് വിശദീകരിക്കാനുള്ള കടമ ഡോക്ടര്‍ക്കുണ്ട്. ഒരാള്‍ നിയമപരമായി മുന്നോട്ട് പോവുകയും, ഡോക്ടര്‍ ചികിത്സയെ കുറിച്ച് വിശദീകരിച്ചിരുന്നില്ല എന്ന് രോഗി കോടതിയില്‍ പറയുകയും ചെയ്താല്‍ പ്രശ്നമാകും. വിദേശത്ത് ഈ കാര്യങ്ങളില്‍ ഒരുപാട് ദുര്‍വിനിയോഗങ്ങള്‍ നടക്കുന്നുമുണ്ട് എന്നതും എടുത്തു പറയണം. അവിടെ വ്യക്തിയുടെ അവകാശങ്ങള്‍ക്ക് പരമ പ്രാധാന്യമുണ്ട്. ആരോഗ്യ മേഖലയും അങ്ങനെയാണ്.
മോഡേണ്‍ മെഡിസിന്‍, വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും എത്രത്തോളം വികാസം പ്രാപിച്ചിട്ടുണ്ട്?
പണ്ട് നമ്മുടെ നാട്ടിലെ മെഡിക്കല്‍ സിലബസ്സിലുള്ള പല കാര്യങ്ങളും ഇവിടെ ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഇന്ന് അമേരിക്കയില്‍ കിട്ടുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടില്‍ ലഭ്യമാണ്. അതിനുള്ള സൗകര്യങ്ങളിലേക്ക് നമ്മുടെ മെഡിക്കല്‍ രംഗം വികാസം പ്രാപിച്ചു. എന്നാല്‍, ചികിത്സാ ചിലവ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയണമെന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ അതിന്‍റേതായ പരിമിതികളുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി സാധാരണക്കാരനുപോലും കോര്‍പ്പറേറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. അപ്പോള്‍ ചികിത്സാ ചിലവ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയണമെന്നില്ല. ഈ അവസ്ഥ അമേരിക്കയിലുമുണ്ട്. അവിടെ പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ ചിലവേറിയ മേഖലയാണ്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അവിടെ ജിവിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരാള്‍ക്ക് പെട്ടെന്നൊരു ഹാര്‍ട്ട് അറ്റാക്ക് വന്നു എന്ന് വിചാരിക്കുക. അമേരിക്കയിലെ നിയമപ്രകാരം ആദ്യം ചികിത്സ നല്‍കണം. നമ്മുടെ നാട്ടിലാകട്ടെ, അത്യാസന്ന നിലയില്‍ ഒരു രോഗിയെത്തിയാല്‍ പോലും ചികിത്സ നല്‍കുന്നതിനു മുന്നോടിയായി ആദ്യം പൈസ അടയ്ക്കൂ എന്നാണ് പറയാറ്. അവിടെ അങ്ങിനെയില്ല. ആദ്യം ചികിത്സ നല്‍കിയിരിക്കണം. അത് നിര്‍ബന്ധമാണ്. പൈസ അടയ്ക്കാന്‍ കഴിവില്ലെന്നു കണ്ടാല്‍, രോഗികളെ പറഞ്ഞു വിടാന്‍ പറ്റില്ല. പക്ഷേ ചികിത്സ കഴിഞ്ഞ് പൈസ ഈടാക്കാന്‍ അവര്‍ കോടതി, കേസ്, സമന്‍സ് എന്നിവയൊക്കെയായി പുറകെ വരും. ഒരു സാധാരണക്കാരന് അത് വലിയ ബുദ്ധിമുട്ടായിരിക്കും. ചെറിയ ചികിത്സക്കു പോലുംഅമേരിക്കയില്‍ ഒരുപാട് ലക്ഷങ്ങള്‍ ചിലവാകും. നമ്മുടെ നാട്ടില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനം രോഗങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലുമായി ചികിത്സിച്ചു ഭേദപ്പെടുത്തുന്നു. നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധരായ ഡോക്ടര്‍മാരും ചികിത്സയുമുണ്ട്. അമേരിക്കയില്‍ ഏകീകൃതമായ ഒരു ദേശീയ സിസ്റ്റം ഇല്ല. ഓരോ സംസ്ഥാനവുമാണ് ആരോഗ്യ മേഖല കൈകാര്യം ചെയ്യുന്നത്. അവര്‍ക്ക് ബഡ്ജറ്റ് കുറവായിരിക്കും. ഇല്ലാ എന്ന് ന്നെ പറയാം. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് രീതിയാണ് അവിടെ അവലംബിക്കുന്നത്. അപ്പോഴും അറുപത്തിയഞ്ചു വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഇതാകട്ടെ നൂറു ശതമാനം പരിരക്ഷയുമില്ല. ബാക്കി പണം സ്വന്തം കയ്യില്‍ നിന്ന് തന്നെ കൊടുക്കണം. പക്ഷേ അറുപത്തിയഞ്ചു വയസ്സില്‍ താഴെ ഉള്ളവര്‍ക്കാണ് കൂടുതല്‍ പ്രശ്നം. ജോലിയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടാകും. പക്ഷേ തൊഴില്‍ രഹിതനായ ഒരാളുടെയോ, ജോലിയില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരാളുടേയോ അവസ്ഥ വളരെ കഷ്ടമാണ്. അവര്‍ക്ക് ഈ ഭീമന്‍ തുക താങ്ങാന്‍ പറ്റില്ല. ഗ്രാമീണ പ്രദേശങ്ങളിലെ അവസ്ഥ അതിലും മോശമാണ്. ഗ്രാമങ്ങള്‍ തമ്മില്‍ നല്ല ദൂരമുണ്ട്. ഗ്രാമങ്ങളില്‍ തന്നെ നിശ്ചിതമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉണ്ടങ്കില്‍ മാത്രമേ ക്ലിനിക് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുകയുള്ളൂ. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു