മരുന്നില്ലാതെ സര്‍ജറിയില്ലാതെ ഒരു ഹൃദയ ചികിത്സ

Image
ഡോ. ഗോപാലകൃഷ്ണന്‍ എ. പിള്ള

ദീപ്തി : വിദ്യാഭ്യാസകാലമടക്കം, ഏകദേശം പതിനേഴ് വര്‍ഷത്തോളം  താങ്കള്‍ സോവിയറ്റ് യുണിയനില്‍ ആയിരുന്നു. അതിനെക്കുറിച്ച് വിശദമാക്കാമോ?


ഡോ. ഗോപാലകൃഷ്ണന്‍ എ. പിള്ള: തൃപ്പൂണിത്തുറയാണ് എന്‍റെ സ്വദേശം. അച്ഛന്‍ നാപ്പാട്ടില്‍ അനന്തന്‍ പിള്ള, അമ്മ പരിയാടത്ത് അമ്മിണിയമ്മ. കരിങ്ങാച്ചിറ ഇരുമ്പനം ഹൈസ്കൂള്‍, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. പതിനേഴാം വയസ്സില്‍ സോവിയറ്റ് യുണിയന്‍ സര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പ് കിട്ടി. പഠനം അവിടെയായിരുന്നു. ഏകദേശം പതിനേഴ് വര്‍ഷത്തോളം അവിടെ തുടര്‍ന്നു. ആദ്യത്തെ ഒരു വര്‍ഷം യൂണിയന്‍ സര്‍ജറി റിസര്‍ച്ച് സെന്‍ററിലാണ് കാര്‍ഡിയാക് സര്‍ജറി പഠനവും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കിയത്. അവിടെ ഡയറക്ടര്‍ ആയിരുന്ന പ്രൊഫ. ബി.വി. പെട്രോവ്സ്കി എന്ന അധ്യാപകന്‍ ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കാര്‍ഡിയാക് സര്‍ജറി മേഖലയില്‍ അന്‍പത് കൊല്ലത്തെ അനുഭവസ
മ്പത്തുള്ള ആളായിരുന്നു അദ്ദേഹം. ആദ്യമായി അദ്ദേഹത്തെ അസിസ്റ്റ് ചെയ്തുകൊണ്ടാണ് ഈ മേഖലയിലേക്കുള്ള എന്‍റെ ചുവട് വയ്പ്പ് ആരംഭിക്കുന്നത്. കാര്‍ഡിയാക് സര്‍ജറിയില്‍ പി.എച്ച്.ഡി ചെയ്തു. ഇന്നോര്‍ക്കുമ്പോള്‍ ആള്‍ യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍ജറിയിലെ ഏഴ് കൊല്ലത്തെ ഗവേഷണജീവിതം വളരെ മികച്ചതായിരുന്നു. രണ്ടുകൊല്ലം കാര്‍ഡിയാക് സര്‍ജറിയില്‍ ട്രെയിനിങ്ങും ബാക്കി മൂന്നുകൊല്ലം ജോലിയും ഗവേഷണവും ഒരുമിച്ചായിരുന്നു. സ്റ്റാറ്റിറ്റിക്സ് വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരൊക്കെ ഗവേഷണത്തില്‍ സഹായിക്കും. കാരണം അന്ന് പേര്‍സണല്‍ കമ്പ്യൂട്ടര്‍ ഇല്ല. ഒരു കെട്ടിടത്തിന്‍റെ വലുപ്പത്തില്‍ ഉള്ളതാണ് കമ്പ്യൂട്ടര്‍. സ്റ്റാറ്റിറ്റിക്സ് അറിയില്ല. അതിന് സഹായിക്കാന്‍ ആണ് സ്റ്റാറ്റിറ്റിക്സ് വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ഡോക്ടര്‍മാരല്ലാത്ത സഹായികള്‍. ഇരുപതു കൊല്ലം മുന്‍പുള്ള ഫയലുകള്‍ വരെ ഫീഡ് ചെയ്യണമായിരുന്നു. ആ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെയാണ് പ്രാക്ടീസ് ചെയ്തത്. ബൈപ്പാസ് സര്‍ജറിയില്‍ ഉപയോഗിക്കുന്ന ഇന്‍റേര്‍ണല്‍ മാമ്മറി ആര്‍ട്ടറിയും വെയിനും(ഐ.എം.എ) സഫേനസ് വെയിനും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു ഗവേഷണ വിഷയം. 1987ല്‍ ഇന്‍ഡോ-സോവിയറ്റ് ഓപ്പണ്‍ ഹാര്‍ട്ട് സമ്മിറ്റില്‍ ഇന്ത്യയിലെ പ്രമുഖ കാര്‍ഡിയാക് സര്‍ജന്മാരായ ബോംബെ ജി. എസ്. മെഡിക്കല്‍ കോളജിലെഡോ. സി.വി. പരൂള്‍ക്കര്‍, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്ന ഡോ. വേണുഗോപാല്‍, ഡോ. ഗുജ്റാള്‍, ഡോ. സോളമന്‍ വിക്ടര്‍, ഡോ. കെ.ആര്‍. ഷെട്ടി, ഡോ. യു. കൗള്‍, വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ഡോ.സ്റ്റാന്‍ലി ജോണ്‍ തുടങ്ങി, ഇന്ത്യയിലെ പ്രശസ്തര്‍ പങ്കെടുത്തിരുന്നു. ആര്‍ക്കും തന്നെ റഷ്യന്‍ ഭാഷ വശമില്ലായിരുന്നു. യു.എസ്.എസ്.ആര്‍. ഹെല്‍ത്ത് മിനിസ്ട്രിയുടെ അഭ്യര്‍ത്ഥന പ്രകാരം അവരുടെ പ്രഭാഷണങ്ങള്‍ ഞാന്‍ റഷ്യനിലേക്ക് പരിഭാഷപ്പെടുത്തേണ്ടി വന്നു. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. പിന്നീട്, പ്രൊഫ. സ്റ്റാന്‍ലി ജോണിന്‍റെ ക്ഷണപ്രകാരം ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ ചേരുകയും ഇന്ത്യയിലേക്ക് തിരികെ വരികയും ചെയ്തു. കേരളത്തിലേക്ക് തിരികെ വരണമെന്ന ആഗ്രഹം മുന്‍പേ ഉണ്ടായിരുന്നു.