രോഗം ചികിത്സ മരുന്ന്

വൈദ്യശാസ്ത്ര രംഗത്തെ പരമ്പരാഗതമായ അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കുകയും ഭാരതീയമായ പാരമ്പര്യ അറിവുകളെ ചികിത്സയില്‍ സമന്വയിപ്പിക്കുകയും ചെയ്ത അധുനിക വൈദ്യശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് ഡോ. ബി.എം. ഹെഗ്ഡെ. അലോപ്പതിയോടൊപ്പം ആയുര്‍വേദത്തേയും ഹോമിയോപ്പതിയേയും അനുകൂലിച്ച അദ്ദേഹത്തെ ഇന്ത്യയിലെ അലോപ്പതി ഡോക്ടര്‍മാര്‍, 'കപട ശാസ്ത്രത്തിന്‍റെ വക്താ'വെന്നു പരിഹസിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയുമുണ്ടായി. വൈദ്യശാസ്ത്രരംഗത്തെ സമൂലമായ നിരവധി മാ റ്റ ങ്ങള്‍ ക്കു തു ട ക്ക മി ട്ട ഡോ. ബി.എം. ഹെ ഗ ്ഡേയുമായി ഡോ. ദീപ്തി സദാശിവന്‍ നടത്തിയ അഭിമുഖം.

Image
ഡോ. ബി.എം. ഹെഗ്ഡെ

ഡോ. ദീപ്തി സദാശിവന്‍: സമൂഹം ബഹുമാനിക്കുന്ന ഒരു മാതൃകാ ഡോക്ടര്‍, ഏതൊക്കെ തരത്തിലുള്ള ഗുണങ്ങളുള്ള വ്യക്തിയായിരിക്കണം എന്നാണ് താങ്കളുടെ അഭിപ്രായം?


ഡോ. ബി.എം. ഹെഗ്ഡെ: പ്രഥമവും പ്രധാനവുമായി പറയുകയാണെങ്കില്‍, ഒരു ഡോക്ടര്‍ക്ക് രോഗിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയുക എന്നതാണ് പരമ പ്രധാനം. രോഗിയുടെ സാമൂഹ്യ ജീവിതവും വ്യക്തിപരവും കുടുംബപരവുമായ പശ്ചാത്തലം ചോദിച്ചറിയാന്‍ സമയമുള്ളവനായിരിക്കണം ഒരു നല്ല ഡോക്ടര്‍. അദ്ദേഹം സ്നേഹത്തോടെ പെരുമാറുന്നവനായിരിക്കണം. എന്തൊക്കെ ബാഹ്യസമ്മര്‍ദങ്ങളുണ്ടായാലും അയാള്‍ വിനയം കൈവിടരുത്. നോക്കൂ, നമ്മുടെ നാടിന്‍റെ പ്രത്യേകത അനുസരിച്ച് മരുന്നിനേക്കാള്‍ ഡോക്ടറിലുള്ള വിശ്വാസമാണ് രോഗം ഭേദമാക്കാന്‍ സഹായിക്കുന്നത്. നിരന്തരമായ പ്രചാരണങ്ങളിലൂടെ നാം ഉണ്ടാക്കിയെടുത്തതാണ്, രോഗം വന്നാല്‍ ഡോക്ടര്‍ കൂടിയേ കഴിയൂ എന്ന വിശ്വാസം. ആരോഗ്യം എന്താണെന്നു പഠിപ്പിക്കണം. എങ്കിലേ ആളുകള്‍ക്ക് മരണത്തോടുള്ള ഭയം ശമിക്കുകയുള്ളു. ഇപ്രകാരം പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്താല്‍, ആശുപത്രികളോടുള്ള മനുഷ്യന്‍റെ വിധേയത്വത്തിനു മാറ്റം സംഭവിക്കും. യഥാര്‍ഥത്തില്‍, ഡോക്ടര്‍മാര്‍ തന്നെയാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടത് എന്ന അഭിപ്രായക്കരനാണ് ഞാന്‍.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള ചില ധാരണകളെ തിരുത്താനും പലതും പരമ അബദ്ധങ്ങളുമാണെന്ന് താങ്കള്‍ നിരീക്ഷിച്ചു കണ്ടിട്ടുണ്ട്. എന്താണ് ഹൃദ്രോഗവുമായി ബന്ധപ്പെട്ടുള്ള അത്തരം നിരീക്ഷണങ്ങളുടെ അടിസ്ഥാനം?


എന്‍റെ അനുഭവങ്ങള്‍ ടെക്സ്റ്റ് ബുക്കില്‍ നിന്നും ഉരുവം കൊണ്ടതല്ല എന്നാദ്യമായി സൂചിപ്പിക്കാം. അര നൂറ്റാണ്ടിലേറെക്കാലം ലോകം ചുറ്റി നിരവധി ശാസ്ത്രജ്ഞരുമായി സംവദിച്ചുകിട്ടിയ അനുഭവങ്ങളാണ് ഇങ്ങനെയൊരു നിലപാടെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ടെക്സ്റ്റ് ബുക്ക് മാത്രം നോക്കി പഠിച്ചവര്‍ മരുന്ന് കൊടുത്ത് ഹൃദയത്തെ സുഖപ്പെടുത്താമെന്നു വിശ്വസിക്കുന്നുണ്ടാകണം. മരുന്നു കൊണ്ട് ഹൃദയമെന്നല്ല, ഒരു രോഗവും നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയില്ല. മരുന്ന് ശരീരത്തിലല്ല, ശരീരം മരുന്നിലാണ് പ്രവര്‍ത്തിക്കുന്നത്. രോഗിയെ ബഹുമാനപൂര്‍വം കാണുന്ന, അയാളോട് സ്നേഹമുള്ള ഒരു ഡോക്ടര്‍ ഹൃദ്രോഗത്തിനു ചികിത്സ വിധിക്കുമെന്നു ഞാന്‍ കരുതുന്നില്ല.ഹൃദ്രോഗികളില്‍ പൊതുവെ രണ്ടുതരം സൂചനകളാണ് കണ്ടു വരുന്നത്. ആദ്യത്തേത്, ദുസ്സഹമായ നെഞ്ചുവേദന. ജീവിതശൈലിയെ കുറിച്ച് അവബോധമുള്ളതിനാല്‍ ഇന്നിത് വ്യാപകമായി കാണാറില്ല. ഇത്തരം അപൂര്‍വം കേസുകളില്‍ രോഗിയുടെ വേദന കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് അടിയന്തര ഘട്ടങ്ങളില്‍ ബൈപ്പാസ് സര്‍ജറി ചെയ്യുന്നത്. നാം മനസ്സിലാക്കേണ്ട വസ്തുത, രോഗിക്ക് സര്‍ജറി കൊണ്ട് മറ്റൊരു നേട്ടവുമില്ല. ശസ്ത്രക്രിയ കൊണ്ട് അയാളുടെ ആയുസ്സ് കൂട്ടാനാവില്ല. ഹൃദയാഘാതമോ പെട്ടന്നുള്ള മരണമോ തടയാനുമാവില്ല. എന്നാല്‍ ശസ്ത്രക്രിയയാകട്ടെ, പക്ഷാഘാത സാധ്യത ഒട്ടും കുറയ്ക്കുന്നുമില്ല. എന്നാല്‍ ബൈപ്പാസ് സര്‍ജറിയിലൂടെ നിസ്സഹായ അവസ്ഥയില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാന്‍ രോഗിക്ക് കഴിയും. ഹൃദായാഘാതം വന്ന രോഗിയുടെ ഹൃദയം പ്രവര്‍ത്തിക്കാത്ത ഘട്ടങ്ങളിലാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. അയാള്‍ക്ക് ടോയ്ലറ്റില്‍ പോകാന്‍ പോലും കഴിയില്ല. രക്തചംക്രമണം അത്രയ്ക്ക് കുറയും. വളരെ ദയനീയമായ അവസ്ഥയാണിത്. ഇത്തരം സന്ദര്‍ഭത്തില്‍ നല്ലൊരു സര്‍ജന് ഇടപെടാന്‍ സാധിക്കും.

ആന്‍ജിയോപ്ലാസ്റ്റി കൊണ്ട് ഹൃദ്രോഗിക്ക് യാതൊരു പ്രയോജനവുമില്ലെന്നു ധാരാളം ഗവേഷണ പഠനങ്ങളുണ്ട്. എന്നാല്‍ ഇത് ഏത് തരം ഹൃദ്രോഗത്തിനും അത്യാവശ്യമാണെന്ന് തെളിയിക്കുന്നതിനായി മാത്രം മെഡിക്കല്‍ ഇന്‍ഡസ്ട്രി ഫണ്ട് കൊടുത്ത് നടത്തുന്ന വ്യാജ ഗവേഷണങ്ങളുണ്ട്. അവയാണ് കൂടുതല്‍ ജനങ്ങളും വിശ്വസിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ ഒരു ഫോറിന്‍ ബോഡി ശരീരത്തില്‍ എത്തുകയാണ്. തുടര്‍ന്ന് രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ രോഗി കഴിക്കേണ്ടി വരും. ഡോക്ടര്‍മാരും പഠന റിപ്പോര്‍ട്ടുകളും ഇതൊക്കെ ശരീരത്തിന് നല്ലതാണെന്നു പറയും. എന്നാല്‍ നിങ്ങളുടെ തലച്ചോറിലെ രക്തക്കുഴലുകള്‍ തകരാറിലാകും. ആന്തരിക രക്തസ്രാവം വരും. മരണ സര്‍ട്ടിഫിക്കറ്റില്‍ ഹൃദയാഘാതം എന്നതിന് പകരം മസ്തിഷ്ക്കാഘാതമെന്നെഴുതും. ഇന്ന് എല്ലാവരും ആശുപത്രിയില്‍ പോയി ആന്‍ജിയോഗ്രാം എടുക്കുകയാണ്. അതിവിദഗ്ധരായ ഡോക്ടര്‍മാര്‍ ബൈപ്പാസിനോ ആന്‍ജിയോപ്ലാസ്റ്റിക്കോ നിര്‍ദേശിക്കുമ്പോള്‍ മാത്രമേ ആന്‍ജിയോഗ്രാം ചെയ്യേണ്ടതുള്ളു. 

    ആധുനിക വൈദ്യശാസ്ത്രമാണ്, വ്യക്തമായി പറഞ്ഞാല്‍ അലോപ്പതി സമ്പ്രദായമാണ് ആധികാരികം എന്ന നിലയില്‍ വ്യാപകമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതില്‍ എത്രമാത്രം വസ്തുതയുണ്ട്?

വൈദ്യശാസ്ത്ര രംഗത്തെ സാമ്പ്രദായിക ഗവേഷണങ്ങളെല്ലാം സ്റ്റാറ്റിസ്റ്റിക്കല്‍ റിസര്‍ച്ച് മാത്രമാണ്. യഥാര്‍ത്ഥ ശാസ്ത്രം ആ മേഖലയില്‍ മഷിയിട്ട് നോക്കിയാല്‍പോലും കാണാനാവില്ല. കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള തെറ്റായ ഗവേഷണ രീതിയാണ് വൈദ്യ ശാസ്ത്രരംഗത്ത് അവലംബിച്ച് പോരുന്നത്. ആധുനിക വൈദ്യശാസ്ത്രം സാമ്പ്രദായിക ലീനിയര്‍ സയന്‍സിലുള്ള അതിന്‍റെ ആശ്രിതത്വം അവസാനിപ്പിച്ച് പ്രാപഞ്ചികാവബോധത്തെ അടിസ്ഥാനമാക്കിയുള്ളതും നോണ്‍ ലീനിയര്‍ രീതിയെ പിന്തുടരുന്നതുമായ പുതിയ പാതയിലേക്ക് അടിയന്തിരമായി മാറേണ്ടതുണ്ട് .

അലോപ്പതി ഡോക്ടറായിരിക്കെ താങ്കള്‍ എങ്ങിനെയാണ്ആ യുര്‍വേദത്തെ വിലയിരുത്തുന്നത്?

ലോകം ഉറ്റുനോക്കുന്ന ശാസ്ത്രീയമായ ഒരു ചികിത്സാ പദ്ധതിയാണ് ആയുര്‍വേദം. എന്നാല്‍ ശാസ്ത്രീയമായി ആയുര്‍വേദ ചികിത്സാ പദ്ധതി പഠിക്കുന്നവര്‍ വളരെ കുറവാണ്. ആയുര്‍വേദ പരീക്ഷണങ്ങള്‍ ലോകത്ത് എല്ലായിടത്തും നടക്കുന്നുണ്ട്. എന്നാല്‍, വിപണന സാധ്യതയില്ലെങ്കില്‍ ആ പഠന ഫലങ്ങളൊന്നും പുറത്തേക്ക് വരില്ല. ആയുര്‍വേദവും ഹോമിയോപ്പതിയും അലോപ്പതിയുടെ അത്ര അപകടം പിടിച്ച ചികിത്സാ പദ്ധതികളല്ലെന്നു ഞാന്‍ ഉറപ്പിച്ച് പറയും. നാട്ടുവൈദ്യവും നല്ലതാണ്. രോഗിയുടെ ശാരീരിക മാനസികാവസ്ഥകളറിയാതെ ഏത് രോഗത്തിനും പച്ചമരുന്നുകള്‍ പറിച്ച് കൊടുക്കരുത്. രോഗിയെ അറിഞ്ഞു ചികില്‍സിക്കണം. രോഗം മാറുന്നതിനു പ്രതിഫലം പറ്റരുത്. ഇന്നത്തെ ആയുര്‍വേദവും കച്ചവട സംസ്കാരത്തിന്‍റെ ഭാഗമായിട്ടുണ്ട്. ഗവേഷണമെന്നത് ലക്ഷക്കണക്കിന് ഡോളര്‍ മുതല്‍ മുടക്കുള്ളതാണ്. അവരത് തിരിച്ച് പിടിക്കാന്‍ ശ്രമിക്കും. ഏത് വൈദ്യശാസ്ത്രമായാലും പണം വരുമ്പോള്‍ ചികിത്സയുടെ ഗുണം കുറയുമെന്ന് തന്നെയാണ് നാം മനസ്സിലാക്കേണ്ടത്. ശുദ്ധായുര്‍വേദത്തില്‍ മരുന്നുകള്‍ ഉണ്ടായിരുന്നില്ല. ആയു എന്നാല്‍  ജീവിതവും വേദം അറിവുമാണ്. അതാണ് ആയുര്‍വേദം. ഹെര്‍ബല്‍ മെഡിസിനാണ് ആയുര്‍വേദമെന്നാണ് ആളുകള്‍ തെറ്റുദ്ധരിച്ചിരിക്കുന്നത്. കുപ്പികളിലെ മരുന്നിന് ആയുര്‍വേദവുമായി ബന്ധമില്ല. തനത് ആയുര്‍വേദവും തനത് ഹോമിയോപ്പതിയും അത്യാവശ്യഘട്ടങ്ങളില്‍ അലോപ്പതിയും ഉപകാരപ്രദമായിരിക്കും. എന്നാല്‍ രോഗത്തിന്‍റെ പേരില്‍ ആരെയും ചൂഷണം ചെയ്യാന്‍ നാം അനുവദിക്കരുത്. ഇതുവരെ നിലവിലുള്ള എല്ലാ ചികിത്സാരീതികളില്‍ നിന്നും ഉപകാരപ്രദമായതും ചിലവ് കുറഞ്ഞതും ശരീരത്തിന്‍റെ പ്രതിരോധശക്തി നശിപ്പിക്കാത്തതുമായ ഘടകങ്ങള്‍ മാത്രംതിരഞ്ഞെടുത്ത് സംയോജിപ്പിച്ച് സമഗ്രത നഷ്ടമാകാതെ ആവശ്യാനുസരണം പ്രയോഗിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യേണ്ടത്. പാരമ്പര്യ വൈദ്യത്തെ തള്ളിപ്പറഞ്ഞ് ആധുനിക വൈദ്യത്തെ ആശ്ലേഷിക്കുന്ന പ്രവണത ഇന്ത്യയിലാണ് കൂടുതലും കാണുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുണ്ടായ ദുരന്തമാണിത്. ഇന്ന് പ്രചാരത്തിലുള്ള ചികിത്സാശാസ്ത്രങ്ങളില്‍ പോരായ്മകളുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ വേണ്ടന്നോ അവരെ ശത്രുക്കളായി കാണണമെന്നോ ഞാന്‍ പറയുന്നില്ല