പഴകിയതെല്ലാം പാഴല്ല

Image

വിപണിയില്‍ നിന്ന് എന്തുതന്നെ വാങ്ങിയാലും, അത് ആഹാര പദാര്‍ത്ഥമാകട്ടെ ഔഷധമാകട്ടെ, ആദ്യം നമ്മുടെ കണ്ണെത്തുക അത് ഉണ്ടാക്കിയ തീയതിയിലും കാലഹരണപ്പെടുന്ന തീയതിയിലുമാണ്. കാലാവധി തീരാന്‍ ഇനിയും ദിവസങ്ങളും ആഴ്ചകളും ശേഷിക്കുന്നുണ്ടെങ്കിലും നമുക്കൊരു വല്ലായ്മയാണ്. വേണ്ട, പഴകിയത് വേണ്ട. കേടുവന്നാലോ. പാഴാകില്ലേ? ഈ ചിന്താഗതി അറിഞ്ഞോ അറിയാതെയോ കാലക്രമേണ നമ്മില്‍ രൂഢമൂലമായതാണ്. എന്നാല്‍, പഴകുന്തോറും ഗുണം വര്‍ദ്ധിക്കുന്ന ചില ദ്രവ്യങ്ങളുണ്ട്. നെയ്യ്, തേന്‍, അരി, ശര്‍ക്കര, മദ്യം, അരിഷ്ടാസവങ്ങള്‍, രസൗഷധങ്ങള്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്. ഒരു വസ്തുവിന്‍റെ പഴക്കം നിശ്ചയിക്കുന്നത് കാലമാണ്. അതുതന്നെയാണല്ലോ കാലപ്പഴക്കം എന്ന പ്രയോഗത്തിന്‍റെ പ്രസക്തിയും. ശരിയായ രീതിയിലുള്ള  സംപഴകിയതെല്ലാം പാഴല്ല  ഡോ. മുഹസിന മുഹമ്മദ്  ഭരണവും സംരക്ഷണ മാര്‍ഗങ്ങളും ദ്രവ്യങ്ങളെ കൂടുതല്‍  കാലം കേടുകൂടാതെ നിലനിര്‍ത്തുന്നു.


പഴകുന്തോറും വീര്യം കൂടുന്ന നെയ്

ആയുര്‍വേദ ശാസ്ത്രത്തില്‍, ജനനം മുതല്‍ക്കുതന്നെ ഒരുവന് നെയ്യ് നല്‍കേണ്ടതിന്‍ പ്രാധാന്യം വിവരിച്ചിരിക്കുന്നു. ഉത്തമമായ നെയ്യ് രണ്ട് വിധമാണ്, ഒന്ന് നവം. മറ്റേത് പുരാണം. പുതുതായി ഉണ്ടാക്കിയെടുത്ത നെയ്യ് നവം. അത് മധുര രസവും മധുര വിപാകവും വാതപിത്ത ശമനവുമാണ്. എന്നാല്‍ പുരാണഘൃതം(പഴകിയ നെയ്യ്) കടു-തിക്ത രസവും കടു വിപാകവും ത്രിദോഷശമനവുമാണ്. അതു കൊണ്ടുതന്നെ പഴകിയ നെയ്യ് ഗുണത്തില്‍ മികച്ചതായി കണക്കാക്കപ്പെടുന്നു. പഴകിയ നെയ്യിന്‍റെ ഗന്ധം ശ്വസിക്കുന്നത് പോലും രോഗഹരമാകുമെന്നാണ് ആചാര്യമതം.
 

ഭാവപ്രകാശകാരന്‍റെ അഭിപ്രായമനുസരിച്ചു വായു കടക്കാത്ത പാത്രത്തില്‍ ഒരു വര്‍ഷം അടച്ചു സൂക്ഷിച്ച നെയ്യാണ് പുരാണഘൃതം. എന്നാല്‍ ചരകാചാര്യന്‍ പറയുന്നത്, പത്തു വര്‍ഷം പഴക്കമുള്ളതിനെ പുരാണഘൃതമായി കണക്കാക്കണം എന്നാണ്. കൂടാതെ ഇത് നേത്ര രോഗങ്ങള്‍ക്കും ഉന്മാദ ചികിത്സയ്ക്കും ഉത്തമമാണ്. പഴകുന്തോറും നെയ്യിന്‍റെ വീര്യവും രോഗഹരണ ശക്തിയും വര്‍ദ്ധിക്കുന്നു. നൂറ് വര്‍ഷം പഴക്കമുള്ള നെയ്യ് 'കുംഭസര്‍പ്പിസ്' എന്നറിയപ്പെടുന്നു. ഇത് സര്‍വരോഗഹരമാണ്. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള നെയ്യാണ് 'മഹാഘൃതം'. വിധി പ്രകാരമുള്ള ഉപയോഗം അതിന്‍റെ ഗുണം ആയിരം മടങ്ങു വര്‍ധിപ്പിക്കും.


ആധുനിക ഗവേഷണ പഠനങ്ങള്‍ പറയുന്നത,് കാലപ്പഴക്കം നെയ്യിന്‍റെ ഭൗതികരാസഘടനയില്‍ മാറ്റം വരുത്തുന്നുവെന്നും അതുവഴി അതിന്‍റെ ഔഷധഗുണം വര്‍ധിക്കുന്നു എന്നുമാണ്. ഇതിന്‍റെ ഉപയോഗം കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.