1917ലാണ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ 'ശബ്ദതാരാവലി' അച്ചടി മഷി പുരണ്ടത്. അതിനും പതിനൊന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് 1906ല്‍ കരപ്പുറത്തുനിന്നും, മലയാള ഭാഷയിലെ ആദ്യത്തെ ഔഷധ നിഘണ്ടു പുറത്തു വന്നു. കേരള ചരിത്രത്തില്‍ ഭാഷയ്ക്കും സാഹിത്യത്തിനും വൈദ്യത്തിനും മഹത്തായ സംഭാവന നല്കിയ ഔഷധ നിഘണ്ടുവിന്‍റെ ശില്പി തയ്യില്‍ കുമാരന്‍ കൃഷ്ണന്‍ വൈദ്യന്‍ എന്ന കരപ്പുറം 'കിട്ടു ആശാ'നായിരുന്നു.
നിഘണ്ടു നിര്‍മാണത്തിലെ യാദൃച്ഛികത
വിവരണാതീതമായ യാതനയാണ് ഔഷധ നിഘണ്ടുവിനുവേണ്ടി കിട്ടു ആശാന്‍ സഹിച്ചത്. 1891ല്‍ രചന ആരംഭിച്ച നിഘണ്ടു, പതിനൊന്നു വര്‍ഷത്തെ കഠിനസപര്യക്കു ശേഷം 1902ലാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തികച്ചും യാദൃച്ഛികമായാണ് ആശാന്‍, നിഘണ്ടു നിര്‍മാണത്തിലേര്‍പ്പെട്ടത്.
ചികിത്സയില്‍ കിട്ടു ആശാന്‍റെ പ്രശസ്തി വര്‍ധിച്ചതോടെ,അദ്ദേഹം രോഗികള്‍ക്കു നല്‍കാനുള്ള ഔഷധങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങി. രോഗശമനത്തിനു ആക്കം കൂട്ടുന്ന കൃത്യമായ യോഗങ്ങളിലുള്ള മരുന്നുകള്‍ അന്ന് കിട്ടിയിരുന്നില്ല. എന്നുമാത്രമല്ല അന്ന് വൈദ്യമെന്ന പേരില്‍ വ്യാജന്മാരും നാട്ടില്‍ വിലസിയിരുന്നു എന്ന് കരുതണം. അത്ത
രം സൂചനകള്‍ കിട്ടു ആശാന്‍റെ കൈക്കുറിപ്പില്‍ നിന്നും നമുക്ക് ലഭിക്കുന്നുമുണ്ട്. ഔഷധ നി ര്‍മാണത്തിലേര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍, ദ്രവ്യങ്ങളെക്കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ ആശാന്‍ സംസ്കൃതത്തില്‍ ലഭ്യമായിരുന്ന പല ഔഷധ നിഘണ്ടുക്കളും വരുത്തി പഠിക്കാന്‍ തുടങ്ങി. അതിനുശേഷമാണ് ഔഷധ നിര്‍മാണത്തിനുപകരിക്കുന്ന വിശദമായ കുറിപ്പുകളുംവിവരണങ്ങളും തയാറാക്കിത്തുടങ്ങിയത്. കുറിപ്പുകളുടെ ശേഖരം വര്‍ധിച്ചപ്പോള്‍ അതിനെ അക്ഷരക്രമത്തില്‍ അടുക്കാന്‍ ആരംഭിച്ചു. ഈയൊരു ഘട്ടത്തിലാണ് ഭാഷയിലാദ്യമായി ഒരു ഔഷധ നിഘണ്ടു എന്ന ആശയത്തെക്കുറിച്ച് കിട്ടു ആശാന്‍ ചിന്തിച്ചു തുടങ്ങിയത്.
നിഘണ്ടുവിന്‍റെ ഗുണം
ഔഷധ നിഘണ്ടുവിന്‍റെ രചനയ്ക്കു പ്രേരണയായ കാര്യത്തെപ്പറ്റി ആശാന്‍ എഴുതിത്തയ്യാറാക്കിയ കൈക്കുറിപ്പില്‍ ഇപ്രകാരം പറയുന്നു(ഈ കുറിപ്പ് ആശാന്‍റെ പൗത്രി ചിത്രാ രാമചന്ദ്രന്‍ സൂക്ഷിച്ചു വെച്ചതായിരുന്നു):
"അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥം സ്കന്ധത്രയാത്മകമെങ്കിലും ഔഷധ സ്കന്ധത്തെ അല്പബുദ്ധികള്‍ക്ക് അറിവാന്‍ തക്കവണ്ണം വിസ്തരിച്ചിട്ടില്ലായ്കയാല്‍ ധന്വന്തരി മുതലായ ആചാര്യന്മാരാല്‍ രചിക്കപ്പെട്ട നിഘണ്ടുക്കളുടെ അപേക്ഷ അവശ്യം വേണ്ടി വന്നിരിക്കുന്നു. എന്നാല്‍ അങ്ങനെയുള്ള നിഘണ്ടുക്കള്‍ ഈ ദേശങ്ങളില്‍ ദുര്‍ല്ലഭങ്ങളും ചിലതു ലഭിച്ചിരുന്നാലും സംസ്കൃത ഭാഷയുടെ അപരിജ്ഞാനം കൊണ്ടു ദുര്‍ഗ്രഹങ്ങളും ആകുന്നു.
കാലധര്‍മ്മമോ എന്തോ, ഇപ്പോള്‍ ഉല്‍കൃഷ്ടന്മാരെക്കാള്‍ അധികം ഹീനന്മാരാണ് വൈദ്യവൃത്തികൊണ്ട് കാലയാപനം ചെയ്യുന്നത്. അവര്‍ രോഗനിര്‍ണയത്തിനായി യാതൊന്നും പഠിക്കുന്നില്ല. ഏറെയും മൂലം കൂടാതെയുളള ചില ഗ്രന്ഥങ്ങളെ നോക്കി ഔഷധ പ്രയോഗം മാത്രം ചെയ്യുന്നു. ദ്രവ്യനിര്‍ണയ മില്ലായ്കയാല്‍ അങ്ങാടികളിലും മറ്റും പഴകിക്കിടക്കുന്ന വസ്തുക്കളെയും വാങ്ങിച്ചുപയോഗിച്ചുവരുന്നു...നിത്യോപയോഗികങ്ങളായ ദ്രവ്യങ്ങളുടെ ഗുണങ്ങളെയെങ്കിലും ഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയാല്‍ അതിനെ കണ്ടറിഞ്ഞിരിക്കുന്ന ജനങ്ങള്‍ക്കെങ്കിലും കഴിയുമെന്നു വിചാരിച്ച് ഇങ്ങനെ ഒന്നെഴുതി മഹാനുഭാവന്മാരുടെ സന്നിധിയില്‍ സമര്‍പ്പിക്കാനായി 1067 ചിങ്ങം മുതല്‍(1891) ഞാന്‍ യത്നം ചെയ്തുവരുന്നു."
നിഘണ്ടുവിന്‍റെ രചനാ വേളയില്‍ കാശ്മീര ദേശത്തുനിന്നും വന്ന ഒരു പണ്ഡിതനെ ആശാന്‍ പരിചയപ്പെടുക വഴി പല ഔഷധങ്ങളെക്കുറിച്ചും ഉണ്ടായിരുന്ന സംശയം നിവര്‍ത്തിക്കപ്പെടുകയും ചെയ്തു.