ദക്ഷിണേന്ത്യയില്‍ പ്രചുരപ്രചാരമാര്‍ജിച്ച വൈദ്യ സമ്പ്രദായമാണ് സിദ്ധവൈദ്യം. ഇതിലെ പ്രസിദ്ധ ഗ്രന്ഥങ്ങളെല്ലാം തന്നെ തമിഴ് ഭാഷയിലാണ് രചിച്ചിട്ടുള്ളത്. ഈ വൈദ്യശാസ്ത്രത്തിന്‍റെ പ്രചാരകന്‍ അഗസ്ത്യമുനിയാണെന്ന് കരുതപ്പെടുന്നു. ആയുര്‍വേദത്തോളമോ അതില്‍ കൂടുതലോ സിദ്ധവൈദ്യത്തിന് പഴക്കമുണ്ടെന്നു വിശ്വസിക്കുന്നു. ദ്രാവിഡ സംസ്കാരം നിലവിലുള്ള ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ഈ ചികിത്സാ സമ്പ്രദായം നിലവിലുണ്ട്.
അച്ഛനും വൈദ്യനും
ഇട്ടി അച്യുതന്‍ വൈദ്യനും മനക്കോടം കേശവന്‍ വൈദ്യനും തുടങ്ങി ധാരാളം വൈദ്യന്മാരാല്‍ സമ്പന്ന നാടായ ചേര്‍ത്തലയിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അച്ഛന്‍ വിദഗ്ധനായ വൈദ്യനായിരുന്നു. എന്നാല്‍, വൈദ്യന്മാരാല്‍ സമ്പന്നമായ ചേര്‍ത്തല പ്രദേശത്തെ അന്നത്തെ വൈദ്യന്മാരായ പാപ്പുണ്ണി വൈദ്യരെപ്പോലെയോ, രാവുണ്ണി വൈദ്യരെപ്പോലെയോ അധികം പ്രശസ്തിയൊന്നും അച്ഛനില്ലായിരുന്നു. തന്നെ തേടി വീട്ടിലെത്തുന്ന രോഗികളെ അച്ഛന്‍ സുഖപ്പെടുത്തി. ആയുര്‍വേദവും സിദ്ധവൈദ്യവും സമന്വയിച്ച ചികിത്സാ രീതിയായിര ന്നു അദ്ദേഹത്തിന്‍റേത്. അച്ഛന്‍റെ ചികിത്സയും മരുന്നു നിര്‍മാണവും മറ്റും കണ്ടുവളര്‍ന്ന എനിക്കു വളരെ ചെറുപ്പത്തിലെ തന്നെ ഔഷധസസ്യങ്ങള്‍ തിരിച്ചറിയാനും മരുന്നുകള്‍ കണ്ട് മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ അച്ഛന്‍, ചികിത്സയില്‍ എന്നേയും കൂടെ കൂട്ടി. തേവര്‍വട്ടം സ്കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍റെ കൂടെ നിന്ന് ചികിത്സ ഗ്രഹിച്ചെടുത്തു
ഡ്രൈവര്‍ സ്വാമി എന്ന ഗുരുവിനെ കണ്ടെത്തുന്നു
പള്ളിപ്പുറം ടി.എസ്.എച്ച്.എസ്സില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് മാന്ത്രിക വിദ്യയ്ക്ക് പച്ചമരുന്നുകള്‍ ഉപയോഗിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നത്. ഒരു കുട്ടിയുടെ കൗതുകം കൊണ്ട് ചില ചെടികളുടെ പേരും മറ്റു വിവരങ്ങളും അന്വേഷിച്ച് ഒരുപാട് നടന്നു. പാണാവള്ളില്‍ കൃഷ്ണന്‍ വൈദ്യരുടെ സ്മരണാര്‍ഥം സ്ഥാപിച്ച സി.കെ.വി വൈദ്യശാലയില്‍ രാഘവന്‍ വൈദ്യര്‍ക്കുണ്ടായിരുന്ന പുസ്തക ശേഖരം ഉപയോഗിക്കാനുള്ള അനുവാദം അദ്ദേഹം തന്നു. പലപ്പോഴും അന്വേഷിച്ച വിവരങ്ങള്‍ കിട്ടാതെ നിരാശനായി മടങ്ങേണ്ടി വന്നു. അങ്ങനെയിരിക്കെയാണ് വിഷവൈദ്യനും സിദ്ധ വൈദ്യനുമായ ഡ്രൈവര്‍ സ്വാമിയെ കുറിച്ച് ഞാന്‍ അറിയുന്നത്. അച്ഛനില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിച്ചെങ്കിലും സിദ്ധവൈദ്യത്തെ കുറിച്ച് മനസ്സിലാക്കുന്നത് ഡ്രൈവര്‍ സ്വാമിയില്‍ നിന്നാണ്. ഞാന്‍ അന്വേഷിച്ച് നടന്ന പച്ചമരുന്നുകള്‍ക്ക് യഥാര്‍ഥത്തില്‍ തമിഴ് പേരാണെന്നും അവ സിദ്ധ വൈദ്യത്തിലാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു തന്നു. അപൂര്‍വമായ ധാരാളം തമിഴ് പുസ്തകങ്ങളും എന്നെ ഏല്പിച്ചു. ആ പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ടി ഞാന്‍ സ്വന്തമായി തമിഴ് പഠിച്ചെടുത്തു. സ്കൂള്‍ സമയം കഴിഞ്ഞാല്‍ അവിടെ പോയിരിക്കും. സ്ഫുടം ചെയ്യുന്ന രീതിയൊക്കെ അങ്ങനെ കണ്ട് പഠിച്ചതാണ്.
അക്കാലത്ത് വൈദ്യന്മാര്‍ മറ്റെന്തെങ്കിലും തൊഴിലിലും ഏര്‍പ്പെട്ടിരുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട വസ്തുത. പ്രധാനമായും കൃഷിയും മറ്റും ചെയ്തു പോന്നു. അതിന് വ്യക്തമായ കാരണമുണ്ടായിരുന്നു. അതായത്, ചികിത്സയില്‍ നിന്ന് കിട്ടുന്ന പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നതായിരുന്നു ധാര്‍മിക രീതി. വൈദ്യന്‍ തന്‍റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വക മറ്റു തൊഴിലുകളിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. അന്ന് അരൂക്കുറ്റി കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ രാജ്യമാണ്. തിരുവിതാംകൂറിനും കൊച്ചിക്കുമിടയ്ക്ക് സര്‍വീസ് നടത്തുന്ന എക്സൈസ് ബോട്ടിലെ ഡ്രൈവറായിരുന്നു സിദ്ധനായ സ്വാമി. ബിവേറ എന്ന ആംഗ്ലോ ഇന്ത്യന്‍ യുവാവിന് ഒരിക്കല്‍ കലശലായ വയറുവേദന വന്നു. അന്ന് അദ്ദേഹത്തിന്‍റെ വീടിന് സമീപത്തു കൂടി കടന്നു പോയ ലാടവൈദ്യന്‍ പറമ്പിലിറങ്ങി ഏതോ ചെടിയുടെ നീര് കൊടുത്തു. ഇത് മൂന്ന് ദിവസം തുടര്‍ന്നു. തന്‍റെ അസുഖം മാറിയ സന്തോഷത്തില്‍ ബിവേറ വൈദ്യനെ സല്‍ക്കരിച്ചു. പോകാന്‍ നേരം അദ്ദേഹം ഒരു ഗ്രന്ഥം ബിവേറയ്ക്ക് കൊടുത്തു. വിരാടഗുരുവാണ് ഇനി മുതല്‍ ഗുരുവെന്നും അനുഗ്രഹിച്ചു. അങ്ങനെ കാലക്രമേണ ബിവേറ എന്ന യുവാവ് ഡ്രൈവര്‍ സ്വാമിയായി മാറുകയായിരുന്നു. ഡ്രൈവര്‍ സ്വാമിയില്‍ നിന്നും സിദ്ധവൈദ്യം പഠിച്ചെടുത്ത യുവാവായ ഞാന്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കാനും കൂടുതല്‍ അറിയാനും ശ്രമിച്ചു.