അവിചാരിതം എന്ന വാക്കിന്‍റെ വിശാലമായ അര്‍ഥമാണ് ശരിക്കുമുള്ള എന്‍റെ ജീവിതം. ഇതഃപര്യന്തം ജീവിതത്തില്‍ സംഭവിച്ചതെല്ലാം അവിചാരിതമായിരുന്നു. ഞാന്‍ ജനിച്ചത്, ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി എന്ന സ്ഥലത്താണ്. ചില അത്ഭുതങ്ങള്‍ ഞാനുണ്ടായ സമയത്തു തന്നെ സംഭവിച്ചിട്ടുണ്ട്. അച്ഛനമ്മമാരുടെ ആറാമത്തെ മകനാണ് ഞാന്‍. അന്നത്തെക്കാലത്ത് സ്ത്രീകള്‍, പ്രസവവേദന വരുന്നതുവരെ വീട്ടുജോലികളില്‍ ഏര്‍പ്പെടുക സാധാരണമായിരുന്നു. എന്നെ ഗര്‍ഭം ധരിച്ച അമ്മയ്ക്ക് ഈറ്റുനോവുണ്ടാകുന്നത്, വയലില്‍നിന്ന് നെല്ലുകെട്ടും ചുമന്നു വരുന്ന സമയത്താണ്. വിവരമറിഞ്ഞ് വയറ്റാട്ടിമാര്‍ വന്ന് അപ്പോള്‍ തന്നെ പാടത്തൊരു വീട്ടില്‍ മറപ്പുര കെട്ടിയുണ്ടാക്കി. അതിനകത്താണ് ഞാന്‍ ജനിച്ചത്. ഒരു ദിവസം വീടിന്‍റെ ഉമ്മറത്തു നിന്നു അമ്മ എന്നെ കുളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്നൊക്കെ കുട്ടികളെ കുളിപ്പിയ്ക്കാന്‍ പാളയായിരുന്നു ഉപയോഗിച്ചിരുന്നത്. ആ സമയത്ത് അവിടേക്ക് താടിവളര്‍ത്തിയ പ്രാകൃത രൂപത്തിലുള്ള ഒരാള്‍ നടന്നുവന്നു. ഒറ്റ നോട്ടത്തില്‍ അയാളൊരു ഭിക്ഷക്കാരനെപ്പോലെ തോന്നിച്ചു. അമ്മ ആ ഭിക്ഷക്കാരന് ആഹാരമെടുത്തുകൊടുക്കാന്‍ അടുക്കളയിലേക്കു പോകാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം അമ്മയെ തടഞ്ഞുകൊണ്ടു ചോദിച്ചു:
"ഈ കുഞ്ഞിന് പേരിട്ടോ?"
"ഇല്ല"
അമ്മ മറുപടി പറഞ്ഞു.
"...എങ്കില്‍ ഇവന് യോഗിദാസ് എന്നു പേരിട്ടേക്ക്..."
അതു മൂളിക്കേട്ട് അമ്മ അടുക്കളയിലേക്കു പോയി.
അല്പസമയത്തിനകം ഭക്ഷണവുമായി തിരിച്ചു വന്നപ്പോള്‍ ആ ഭിക്ഷക്കാരനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. അപ്രത്യക്ഷമായപോലെ അയാള്‍ അവിടെനിന്നും മറഞ്ഞുപോയി. അത്ഭുതപ്പെട്ടുപോയ അമ്മ അയല്‍പക്കത്തൊക്കെ അന്വേഷിച്ചു. അങ്ങനൊരാള്‍ അന്നേരം അവിടെയെങ്ങും വന്നില്ല എന്നാണ് അവര്‍ മറുപടി പറഞ്ഞത്. അമ്മയ്ക്ക് അമ്പരപ്പും അത്ഭുതവും അടക്കാനായില്ല. അങ്ങനെയാണ് എനിക്ക് യോഗിദാസ് എന്ന പേരുണ്ടായത്.
കഷ്ടപ്പാടിന്‍റെ ബാല്യകാലം
തൈപ്പറമ്പില്‍ എന്നായിരുന്നു വീട്ടുപേര്. അച്ഛന്‍ കൃഷ്ണന്‍. അമ്മ ജാനകി. ഏഴുമക്കളായിരുന്നു ഞങ്ങള്‍. പഴയ കാലത്തെ സാധാരണ കുടുംബം. ഒരു മുറി.ഒരടുക്കള. ഏഴുപേരും ആണ്മക്കള്‍. പഠിക്കാനുള്ള സാഹചര്യം നന്നേ മോശം. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടും. ഇത്തരമൊരു സാഹചര്യത്തില്‍ ഏഴുപേരെ പഠിപ്പിക്കുക എന്നത് അന്നത്തെക്കാലത്ത് അതിസാഹസം തന്നെയാണ്. അത്തരമൊരു അന്തരീക്ഷത്തിന്‍റെ ചിത്രം ഇന്നത്തെ തലമുറയ്ക്ക് ഭാവന ചെയ്യാന്‍പോലും അസാധ്യമാണ്. അച്ഛന് പലചരക്കു കച്ചവടമായിരുന്നു. കച്ചവടം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അച്ഛനു നന്നേ ക്ലേശിക്കേണ്ടി വന്നു. കച്ചവടം അടിക്കടി മോശമായിക്കൊണ്ടിരുന്നു. അക്കാലം നാട്ടിന്‍പുറത്തുള്ള പലചരക്കു കച്ചവടംകൊണ്ട് വലുതായൊന്നും സമ്പാദിക്കാന്‍ കഴിയുമായിരുന്നില്ല. സത്യം പറഞ്ഞാല്‍, പഠിക്കാനുള്ള സാഹചര്യം തീരെയുണ്ടായിരുന്നില്ല. എനിക്കാകട്ടെ ചിത്രകലയോടായിരുന്നു താല്‍പ്പര്യം. ചിത്രം വരക്കുക, ശില്‍പ്പം നിര്‍മിക്കുക. അത്തരം കാര്യങ്ങളില്‍ എനിക്ക് അസാധാരണമായ മിടുക്കുണ്ടായിരുന്നു എന്നതാണ് സത്യം. സ്കൂളിലെ പഠനമൊക്കെ ഒരു കണക്കായിരുന്നു.
പഠനവും ജോലിയും
ആലപ്പുഴ എസ്ഡിവി ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. പ്രീഡിഗ്രിയും ഡിഗ്രിയും എസ്ഡി കോളജിലായിരുന്നു. ബിഎസ്സിക്ക് ഉയര്‍ന്ന മാര്‍ക്കു കിട്ടിയതു കൊണ്ട് എനിക്കു മെഡിസിനു അഡ്മിഷന്‍ കിട്ടി. ബിഎസ്സി പഠിക്കുമ്പോള്‍ എനിക്കു കിട്ടിയ അനുഗ്രഹം എന്‍റെ ചിത്രം വരയായിരുന്നു. റെക്കോര്‍ഡു ബുക്കിലെ എന്‍റെ വരകള്‍ അധ്യാപകരെ ആകര്‍ഷിച്ചു. അധ്യാപകരില്‍ നിന്ന് എനിക്കു വിവരണാതീതമായ സഹായം കിട്ടിയിട്ടുണ്ട്. മെഡിസിനു ചേരാന്‍ തക്കവണ്ണം എന്നെ തയ്യാറെടുപ്പിക്കുന്നതിന് അവര്‍ പിശുക്കു കാണിക്കാതെ മാര്‍ഗനിര്‍ദേശം തന്നു. അന്നത്തെ അന്തരീക്ഷത്തില്‍ സത്യത്തില്‍ പഠിക്കാനൊന്നും തീരെ താല്‍പ്പര്യം എനിക്കുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു വീട്ടിലെ സാഹചര്യം. പഠിക്കാന്‍ പോകുമ്പോഴും ജോലി ചെയ്യണം. അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല. അന്ന് ഞാന്‍ സാധാരണയായി ചെയ്തുകൊണ്ടിരുന്നത്, പറമ്പുകളിലെ തെങ്ങുകള്‍ക്കു വെള്ളം നനയ്ക്കുകയായിരുന്നു. മോട്ടോര്‍ പമ്പാണ് നനയ്ക്കാന്‍ ഉപയോഗിക്കുക. മണിക്കൂറിന് കാശു കിട്ടും. അന്ന് ആ വിധത്തില്‍ വല്ലതും സമ്പാദിക്കേണ്ടത് അത്യാവശ്യമായിരുന്നു. വീട്ടില്‍ നിന്ന് പഠിക്കുക എന്നതൊന്നും നടക്കുന്ന കാര്യമായിരുന്നില്ല. അന്തരീക്ഷം അതിന് ഇണങ്ങുന്നതായിരുന്നില്ല. വളരെ ഗൗരവമായി പറഞ്ഞാല്‍, എന്താണോ ഞാന്‍ പഠിച്ചത് ആ ഭാഗങ്ങളില്‍ നിന്നു മാത്രം പരീക്ഷക്കു ചോദ്യങ്ങള്‍ വന്നതു കൊണ്ടാണ് രക്ഷപ്പെട്ടു പോയത്.