യുനാനി വൈദ്യ പാരമ്പര്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍

Image

വിജയകരമായി വിളവെടുക്കുന്ന ഒരു ഗോതമ്പ് കര്‍ഷകനോട് തന്‍റെ വിജയരഹസ്യം ആരാഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത്, തന്‍റെ ഏറ്റവും നല്ല വിത്തുകള്‍ അയല്‍പക്കത്ത് കൃഷി ചെയ്യുന്ന കര്‍ഷകന് നല്‍കുമെന്നായിരുന്നു. എങ്ങനെയാണ് അത് വിജയം നല്‍കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കൃഷിയുടെ വിജയരഹസ്യ സൂചനയായിരുന്നു. പരാഗണമാണ് നല്ല വിളവിന്‍റെ അടിസ്ഥാന ഘടകം. അന്തരീക്ഷ ത്തില്‍ പറന്നു നടക്കുന്ന പരാഗങ്ങളുടെ മേന്മയാണ് വിളവിന്‍റെ മേന്മ നിശ്ചയിക്കുന്നത്. അത് തന്‍റെ വിളനിലത്തെ മാത്രമല്ല ആശ്രയിക്കുന്നത്. അയല്‍പക്ക വയലില്‍ കൃഷി ചെയ്യപ്പെടുന്ന വിളനിലത്തില്‍ വിതക്കപ്പെട്ട വിത്തുകളില്‍ നിന്ന് വളരുന്നവയുമാണ്. അയല്‍പക്കക്കാരന്‍റെ വിത്ത് മോശമാണെങ്കില്‍ അത് തന്‍റെ കൃഷിയെയാണ് ബാധിക്കുക. അതു തന്നെയാണ് ആരോഗ്യകരമായ ജീവിതത്തിന്‍റെയും അവസ്ഥ. 


നമ്മുടെ ആരോഗ്യം നിശ്ചയിക്കുന്നത് സ്വശരീരത്തിന്‍റെയും അന്തരീക്ഷത്തിന്‍റെയും അവസ്ഥകളാണ്. ഈ അവസ്ഥകള്‍ മനസ്സിലാക്കാതെ ആരോഗ്യം നിലനിര്‍ത്താനാവില്ല. നശിക്കുന്ന ആരോഗ്യത്തെ വീണ്ടെടുക്കാന്‍ എന്തെല്ലാം ഘടകങ്ങളാണ് ആരോഗ്യത്തിന് നിദാനമെന്ന് മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്. ഏതൊരു ചികിത്സക്കും അങ്ങനെ ചില അടിസ്ഥാന തത്വങ്ങള്‍ ഉണ്ട്. യൂനാനി ചികിത്സ അടിസ്ഥാനമാക്കുന്ന ചില തത്വങ്ങള്‍ പ്രതിപാദിക്കാം.

 

ചികിത്സയുടെ അടിസ്ഥാന ഘടകങ്ങള്‍

 

യുനാനി ചികിത്സ അതിന്‍റെ ആരംഭത്തില്‍ യവന രീതിയുമായി സമ്മിശ്രപ്പെടുത്തപ്പെട്ട അറബി ചികിത്സാരീതിയായിരുന്നു. പൗരാണിക ഗ്രീസിന് പല പേരുകളുമുണ്ടായിരുന്നു. അവയുടെ ഉല്‍പത്തി വിവരണം ഇവിടെ പ്രസക്തമല്ല. ഏഷ്യാമൈനര്‍ വരെ വികസിച്ചിരുന്ന പഴയ ഗ്രീക്ക് സാമ്രാജ്യത്തിന്‍റെ പേര് അയോണ്‍ അല്ലെങ്കില്‍ യോന്‍ എന്നായിരുന്നു. അതേ പേരാണ് അറബിയില്‍ യുനാന്‍ ആയത്. നമ്മുടെ യവനപ്രയോഗവും അതില്‍ നിന്ന് വന്നതാണ്. അറബിയുടെ യവന ബന്ധമായിരുന്നു മലയാളത്തില്‍ മുസ്ലിംകളെ ജോനകരാക്കിയത്. റോമന്‍ ലിപിയിലെ ജെയുടെ ഉച്ചാരണ സവിശേഷതയില്‍ നിന്നായിരുന്നു ശബ്ദവ്യത്യാസമുണ്ടായത്. യവന ചികിത്സാ രീതിയില്‍ നിന്ന് സ്വീകരിച്ചതായിരുന്നു ഹ്യൂമറല്‍ (ഔാീൗൃമഹ) തിയറി. അതായത് ശരീരത്തില്‍ നിന്ന് സ്രവിക്കുന്ന ദ്രവങ്ങളാണ് ചികിത്സയുടെ അടിസ്ഥാന സിദ്ധാന്തം. ഈ സിദ്ധാന്ത ആശയം പൗരാണിക ഇന്ത്യയില്‍ നിന്നായിരുന്നു ഗ്രീസിലേക്ക് സംക്രമിച്ചത് എന്ന്  കരുതപ്പെടുന്നു. അതുകൊണ്ടാണ് യവന രീതി അവലംബിച്ച അറബി ചികിത്സാരീതിക്ക് ഭാരതീയ ചികിത്സാരീതിയുമായി സാമ്യമുണ്ടാകുന്നത്. പ്രസ്തുത സിദ്ധാന്തപ്രകാരം മനുഷ്യ ശരീരത്തില്‍ നാലുതരം ദ്രവങ്ങളാണ് ഉള്ളത്: അവ രക്തം, കഫം, മഞ്ഞപ്പിത്തം, കരുംപിത്തം(വാതം). ശരീരത്തില്‍ ആഹാരം ദഹിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന ജൈവ-രാസ പ്രക്രിയയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ദ്രവങ്ങളാണിവ. ഇവയെ ശരീരത്തിലെ നാലു ദോഷങ്ങളായും വിശേഷിപ്പിക്കപ്പെടുന്നു. 
ഇവയുടെ ഏറ്റക്കുറച്ചിലുകളാണ് ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നത്. അവയെ വേണ്ട വിധത്തില്‍ സമീകരിച്ചു നിര്‍ത്തുക എന്നതാണ് ചികിത്സയുടെ അടിസ്ഥാന ഘടകം. ഇവയെ വിശദമായി വിശകലനം ചെയ്യാം.

 

രക്തം അഥവാ ഖൂന്‍

 

നാലുതരം ദ്രവങ്ങളില്‍ ഏറ്റവും ഉത്തമമായത് രക്തമാണ്. ഇതിന്‍റെ പ്രകൃതി ചൂടും ഈര്‍പ്പവുമാണ്. സാധാരണ രക്തം, അസാധാരണ രക്തം എന്നിങ്ങനെ ഉപവകുപ്പുകള്‍ ഉണ്ട്. സാധാരണ രക്തം ചുവന്നതും വാസനാ രഹിതവുമാണ്. മറ്റു ദ്രവങ്ങളുമായി കൂടിച്ചേരുക നിമിത്തം രക്തത്തില്‍ വല്ലതും ഉല്‍പാദിപ്പിക്കപ്പെട്ടാല്‍ അത് അസാധാരണ രക്തമായി തീരുന്നു. അപ്പോള്‍ അതിന്‍റെ രസം കയ്പും പുളിപ്പുമായിരിക്കും. ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്, സമീകൃത പോഷകഹാരങ്ങള്‍ എന്നിവയാണ് സാധാരണ രക്ത ഉല്‍പാദനത്തിന് നിദാനം.

 

കഫം അഥവാ ബല്‍ഗം

കഫത്തിന്‍റെ പ്രകൃതി ശീതളവും ഈര്‍പ്പവുമാണ്. രക്തത്തെ പോലെ തന്നെ സാധാരണവും അസാധാരണവുമായ കഫങ്ങളുണ്ട്. സാധാരണ കഫത്തിന്‍റെ രുചി മധുരമാണ്. ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ കഫം രക്തത്തിലൂടെ ആവാഹിക്കപ്പെട്ട് വിവിധ അവയവങ്ങളില്‍ എത്തിച്ചേരുന്നു. അസാധാരണ കഫത്തിന്‍റെ രുചി, ഉപ്പ് അല്ലെങ്കില്‍ പുളിപ്പ്, രൂക്ഷ രസം, അതുമല്ലെങ്കില്‍ രുചിരഹിതവുമായിരിക്കും. സാന്ദ്രതയില്‍ വെള്ളം പോലെയോ, സ്ഫടികം പോലെയോ, വഴുവഴുപ്പായോ, അതുമല്ലെങ്കില്‍ കട്ടിയായോ ആയിരിക്കും. മിതമായ ചൂടില്‍ ശീതളവും ഈര്‍പ്പവും സാന്ദ്രവുമായ വസ്തുക്കളടങ്ങിയ ഭക്ഷണത്തില്‍ നിന്നാണ് അവയുടെ ദഹനപ്രക്രിയയിലൂടെ കഫം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

 

മഞ്ഞപ്പിത്തം അഥവാ സഫ്റ


പൊതുവെ പിത്തം എന്ന് സൂചിപ്പിക്കുന്നു. പിത്തത്തിന്‍റെ പ്രകൃതി ഉഷ്ണവും വരണ്ടതുമാണ്. കരളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട് പിത്താശയത്തില്‍ ശേഖരിക്കപ്പെടുന്നു. പിത്തവും സാധാരണവും ലേഖകന്‍. അസാധാരണവുമായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പിത്തം, രക്തത്തിലെ നുര പോലെയാണ്. കരളില്‍ അധികമായ ഉഷ്ണം ഉണ്ടാകുമ്പോഴാണ് അസാധാരണ പിത്തം ഉണ്ടാകുന്നത്. അസാധാരണ പിത്തം രണ്ടു വിധത്തിലുണ്ട്. ബാഹ്യ വസ്തുക്കളുമായി മിശ്രിതമായി ഉണ്ടാകുന്നതും അതിന്‍റെ സംവിധാനത്തില്‍ തന്നെ വ്യത്യാസമായി ഉണ്ടാവുന്നതും. മിതമായ ചൂട്, രക്തത്തിലെ ലഘുവും, കൊഴുപ്പും എരിവും ആയ ഘടകങ്ങള്‍, ആഹാരത്തിന്‍റെ ദഹനപ്രക്രിയ എന്നിവ മൂലമാണ് പിത്തം ഉത്പാദിക്കപ്പെടുന്നത്