സംയോജിത ചികിത്സയുടെ സാധുതയും സാധ്യതയും

വ്യത്യസ്തവും വ്യതിരിക്തവുമായ അറിവുകള്‍ സമന്വയിപ്പിച്ച്,യഥാര്‍ത്ഥ രോഗകാരണം തിരിച്ചറിഞ്ഞ്, ഏറ്റവും ഉചിതമായ ചികിത്സാപ്രയോഗത്തിലൂടെ ആരോഗ്യ മേഖലയില്‍ പുതിയ പ്രവണതയ്ക്ക് തുടക്കമിടുകയാണ് 'സംയോജിത ചികിത്സ' അഥവാ ഇന്‍റഗ്രേറ്റീവ് മെഡിസിന്‍. ഈ മേഖലയില്‍ വ്യത്യസ്തമായ ചികിത്സാരീതി പരിചയപ്പെടുത്തുകയാണ് ഡോക്ടര്‍ ദമ്പതിമാരായ ഡോ. ലക്ഷ്മി രാഹുലും ഡോ. രാഹുല്‍ ലക്ഷ്മണും. പതിനാലുവര്‍ഷം മോഡേണ്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയുകയും പിന്നീട് ആയുര്‍വേദ ബിരുദം കരസ്ഥമാക്കുകയും ചെയ്ത ഡോ. ലക്ഷ്മി രാഹുല്‍ സംസാരിക്കുന്നു.

Image
ഡോ. ലക്ഷ്മി രാഹുല്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ പ്രൊഫസറായ ഡോ. പി.സി. ഈശോ ഒരിക്കല്‍ തന്‍റെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു.

“If all the pharmaceutical drugs are thrown into the sea. What will happen?’


പല ഉത്തരങ്ങള്‍ കുട്ടികള്‍ പറഞ്ഞുവെങ്കിലും അതിലൊന്നും അദ്ദേഹം തൃപ്തനായില്ല. ഒടുവില്‍ അദ്ദേഹം പറഞ്ഞു :

All the fish in the ocean will die. Nothing else will happen. You have to think out of the box''

ഡോ. പി.സി ഈശോയുടെ വാക്കുകള്‍ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. അന്ന് മെഡിക്കല്‍ കോളജില്‍ മറ്റൊരു ബാച്ചില്‍ പഠിച്ചിരുന്ന എന്‍റെ സുഹൃത്തും പിന്നീട് ജീവിത പങ്കാളിയുമായ രാഹുല്‍ ലക്ഷ്മണിനോട് ഞാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചു. ആഴത്തില്‍ സംസാരിച്ചു. ഭാരതീയ ചികിത്സാ പദ്ധതിയെ കുറിച്ച് അവഗാഹമുണ്ടായിരുന്ന ഡോ രാമന്‍, ഡോ. പി.സി ഈശോ, ഡോ. കെ.പി. രാമമൂര്‍ത്തി, ഡോ. ഭാസ്കരന്‍ ചാലില്‍ എന്നിവര്‍ ആധുനിക വൈദ്യപഠനത്തിന്‍റെ സിലബസ്സിന് പുറത്തേക്ക് ചിന്തിക്കുവാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തങ്ങളുടെ വിദ്യാര്‍ഥികളെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ ഞങ്ങളിലുണ്ടാക്കിയ സ്വാധീനമാണ് യഥാര്‍ഥത്തില്‍ 'സംയോജിത ചികിത്സ' എന്ന പുതിയ ചികിത്സാ സമ്പ്രദായം.

 

ജീവിതം മാറ്റിമറിച്ച ആരോഗ്യനികേതനം

 

മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കാലത്താണ് കവി പി.കെ. ഗോപി പ്രശസ്ത ബംഗാളി സാഹിത്യകാരനായ താരാശങ്കര്‍ ബന്ദോപാധ്യായയുടെ 'ആരോഗ്യനികേതനം' നോവല്‍ എനിക്ക് നല്‍കുന്നത്. ജീവന്‍റെയും മരണത്തിന്‍റെയും രഹസ്യങ്ങള്‍ തേടുന്ന രണ്ട് വൈദ്യവ്യവസ്ഥകളുടെ സംഘര്‍ഷം ചിത്രീകരിക്കുന്ന നോവല്‍, എന്നെ ഏറെ സ്വാധീനിച്ചു. പാരമ്പര്യ ചികിത്സകനും ഡീപരിശോധകനുമായ ജീവന്‍മശായി എന്ന കഥാപാത്രം എന്‍റെ മനസ്സിലുടക്കി നിന്നു. നോവലിലെ, 'വൈദ്യവൃത്തി ഒരു തപസ്സാണ്' എന്ന വരികള്‍ എന്നില്‍ നിന്ന് ഡോ.ലക്ഷ്മിയിലേക്കുള്ള യാത്രയില്‍ മനസ്സില്‍ ഉറച്ചുനിന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അധ്യാപകരുടെ സ്വാധീനവും അവരുടെ കാഴ്ചപ്പാടും വേറിട്ട് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. അവിടെത്തന്നെയാണ് ഡി(ഒബ്സ്ട്രക്റ്റിക്സ്&ഗൈനക്കോളജി) ചെയ്തത്. പ്രശസ്ത ഗൈനക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ്, എന്‍റെ വഴികളിലേക്കുള്ള മറ്റൊരു വെളിച്ചമായിരുന്നു. അവരുടെ 'ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന്' എന്ന കൃതിയില്‍ എന്നെക്കുറിച്ച് അവര്‍ എഴുതിയിട്ടുമുണ്ട്.

 

ഡോ. രാഹുല്‍ ലക്ഷ്മണ്‍ എന്ന പങ്കാളി

 
മംഗലാപുരം സ്വദേശിയായ ഡോ.രാഹുല്‍ ലക്ഷ്മണ്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ എല്‍. രഘുവിന്‍റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫിസറായിരുന്ന രമണിയുടെയും മകനാണ്. പഠിച്ചതും വളര്‍ന്നതും കോഴിക്കോട് നഗരത്തില്‍. മെഡിക്കല്‍ കോളജിലെ പഠനകാലത്താണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്. അമൃത സര്‍വകലാശാല, മൂകാംബിക മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദവും ജര്‍മനിയില്‍ നിന്ന് ഫെല്ലോഷിപ്പും രാഹുല്‍ നേടിയിട്ടുണ്ട്. സൗഹൃദവും പ്രണയവും ആത്മീയതയും ഗവേഷണവും ചികിത്സയും ഒരുമിച്ചുള്ള യാത്രയില്‍ ഞങ്ങളെ ഒന്നിപ്പിച്ചു. പതിനാല് വര്‍ഷം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജോലി ചെയ്തു. എം.ബിബിഎസ്സും, എം.ഡിയും മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്ന യോഗ്യതകള്‍. മറ്റു യോഗ്യതകളെല്ലാം തന്നെ ഞങ്ങളിരുവരും പിന്നീട് നേടിയതാണ്.


വഴികാട്ടികള്‍ 


ഞാന്‍ ജനിച്ചതും വളര്‍ന്നതും വയനാട്ടിലാണ്. അമ്മ മലപ്പുറം വളാഞ്ചേരി സ്വദേശി. അച്ഛന്‍ പാലക്കാട് കടവല്ലൂര്‍ സ്വദേശി. വയനാട്ടിലെ കല്പറ്റയിലേക്ക് കുടിയേറി പാര്‍ത്തതാണ് ഞങ്ങളുടെ കുടുംബം. മുണ്ടേരി ഗവ. സ്കൂളിലാണ് അന്ന് ചേര്‍ന്നത്. വന്യമൃഗ ശല്യം, കാറ്റ്, മഴ, വെള്ളപ്പൊക്കം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും കഷ്ടിച്ച് ഒരു മാസം മാത്രമാണ് ക്ലാസ്സ് ഉണ്ടായിരുന്നത്. ഏതാണ്ട് ഒന്‍പതാം ക്ലാസ്സ് വരെ ശരിയായ രീതിയില്‍ അക്കാദമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്നു തന്നെ പറയാം. മുത്തച്ഛന്‍ കൃഷ്ണന്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ തന്നിരുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ ആയിരുന്നു പല പുസ്തകങ്ങളുടെയും ഉള്ളടക്കം.


കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും, ഒന്നാം റാങ്കോടെ എം.ഡിയും ചെയ്തു. എംബിബിഎസ്സിന് പഠിക്കുമ്പോള്‍ തന്നെ, യോഗ ടിടിസി യോഗ്യതയും നേടിയിരുന്നു. പിന്നീട് യോഗയില്‍ ബിരുദാനന്തര ബിരുദം നേടാനും സാധിച്ചു. മോഡേണ്‍ മെഡിസിന്‍ പഠിക്കുമ്പോള്‍ തന്നെ ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, ഹോമിയോപ്പതി തുടങ്ങിയ ഇതര ശാസ്ത്രശാഖകളെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും എനിക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. ഓരോ ചികിത്സാ രീതികള്‍ക്കും അതിന്‍റേതായ നന്മകളുണ്ട്. അത് തിരിച്ചറിയാനും നന്നായി മനസ്സിലാക്കാനും എന്‍റെ എംബിബിഎസ് പഠനകാലത്ത് തന്നെ ശ്രമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേഴ്സണല്‍ പൈലറ്റ് ആയിരുന്ന കമാന്‍ഡര്‍ ദാമോദരന്‍ വഴി ഹോമിയോപ്പ തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയും ധാരാളം പുസ്തകങ്ങള്‍ തരികയും ഹോമിയോ ചികിത്സ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അക്കാദമികമായി ഹോമിയോപ്പതി പഠിക്കാനുള്ള പ്രചോദനമായി മാറി.

നാനോ മെഡിക്കല്‍ സയന്‍സസില്‍ മൂന്നാം റാങ്കോടെ എം.ടെക് പാസ്സായതിന് ശേഷം ഓസ്ട്രേലിയയില്‍ നിന്ന് ന്യൂട്രീഷ്യണല്‍ മെഡിസിനിലും അമേരിക്കയില്‍ നിന്ന് ഫംങ്ഷണല്‍ മെഡിസിനിലും ബിരുദം നേടി. പിന്നീട് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജില്‍ നിന്ന് ആയുര്‍വേദത്തില്‍ രണ്ടാം റാങ്കോടെ ബിഎഎംഎസ് ബിരുദം കരസ്ഥമാക്കി. ഹെര്‍ബല്‍ ബേസ്ഡ് നാനോ പ്രിപ്പറേഷന്‍സില്‍ ഇന്ത്യന്‍ പേറ്റന്‍റുകളും എടുത്തിട്ടുണ്ട്. 

മോഡേണ്‍ മെഡിസിനില്‍ നിന്ന് ആയുര്‍വേദത്തിലേക്ക് 

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രാക്ടീസ് ചെയ്യുന്ന കാലത്താണ്, മെഡിക്കല്‍ ആസ്ട്രോളജി സംബന്ധിച്ചും മറ്റും അവിടെ ആരംഭിച്ച ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ആയുര്‍വേദത്തില്‍ ഉള്ള ചില മരുന്നുകളുടെ കാര്യക്ഷമത കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ഗവേഷണത്തിന്‍റെ ഭാഗമായി ചെയ്തിരുന്നു. ഈ പ്രബന്ധം പിന്നീട് പല യൂറോപ്യന്‍ രാജ്യങ്ങളിലും അവതരിപ്പിച്ചു. ഇന്ത്യന്‍ പേറ്റന്‍റുകളും നേടി. ഭാരതീയ തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയായിരുന്നു എക്കാലത്തെയും ഞങ്ങളുടെ ചിന്തകള്‍. അങ്ങനെയാണ് ആയുര്‍വേദം പഠിക്കണം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പഠനകാലത്ത് ഡെര്‍മറ്റോളജി വിഭാഗം പ്രൊഫസ്സറായിരുന്ന ഡോ. പി. രാമന്‍ ജീവിതത്തില്‍ വലിയൊരു വഴി ത്തിരിവ് സൃഷ്ടിച്ചു. ഒ.പി സമയങ്ങളില്‍ കൂടെയിരുന്ന് ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുമായിരുന്നു. സിദ്ധ വൈദ്യത്തെക്കുറിച്ച് അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നു. അദ്ദേഹം നിരവധി ആളുകളെ പരിചയപ്പെടുത്തി. 

അറിവുകളും ചികിത്സാ രീതീയും

എല്ലാ ചികിത്സാശാസ്ത്രത്തിനും അതിന്‍റേതായ നന്മകളുണ്ട്. എല്ലാത്തിന്‍റെയും നന്മ വേണ്ട രീതിയില്‍ ഉപയോഗിക്കണം. അതിൻ്റെ ഗുണം പരമാവധി ചികിത്സ ആവശ്യമുള്ളവരിലേക്ക് എത്തിക്കണം എന്നതായിരുന്നു ആഗ്രഹം.